Header Ads

ad728
  • Breaking News

    സുരക്ഷാ ആശങ്ക, സൺ ഫാർമയുടെ 11 മരുന്നുകൾ പിൻവലിച്ചു


    പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സൺ ഫാർമ, ആഭ്യന്തര വിപണിയിൽ വിൽക്കുന്ന 11 നേത്രതുള്ളി മരുന്നുകൾ പിൻവലിച്ചു. മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് കമ്പനിയുടെ നടപടി.

    കണ്ണിൽ നേരിട്ട് ഉപയോഗിക്കുന്ന മരുന്നുകളായതിനാൽ മലിനീകരണ സാധ്യത ഒഴിവാക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് റീകോൾ നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു. എന്നാൽ, എല്ലാ ഉൽപ്പന്നങ്ങളിലും പ്രശ്നം സ്ഥിരീകരിച്ചെന്നല്ല റീകോൾ അർത്ഥമാക്കുന്നതെന്നും ഗുണനിലവാര നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്തരം മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    സണ്‍ ഫാര്‍മയുടെ വിതരണ വിഭാഗമായ സൺ ഫാർമ ഡിസ്ട്രിബ്യൂട്ടേഴ്സ് ലിമിറ്റഡ് 2026 ജൂലൈ 17-ന് വിതരണക്കാര്‍ക്ക് അയച്ച കത്തിലാണ് പട്ടികയിലുള്ള ഉല്‍പ്പന്നങ്ങളുടെ ബില്ലിംഗും വിതരണവും ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചത്. വിതരണക്കാരുടെ കൈവശമുള്ള സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും വിവിധ ഉറവിടങ്ങളില്‍നിന്ന് ലഭിച്ച മുഴുവന്‍ സ്റ്റോക്കും മുന്‍ഗണനാക്രമത്തില്‍ തിരികെ അയയ്ക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി മുന്‍കരുതല്‍ അടിസ്ഥാനത്തിലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ കൃത്യമായ കാരണം കമ്പനി പറഞ്ഞിട്ടില്ല.

    Depopred 2 ml, Brinolar-BKC Free, Brinzotim Eye Drops 5 ml-BKC Free, Lotepred 5 ml, Lotepred 1% Eye Drops 5 ml, Lotepred LS 0.2% Eye Drops 5 ml, Lotepred T, Nepalact OD Eye Drops 3 ml, Nepalact-Z, Toba-F, Nepalact Eye Drops 5 ml എന്നിവയാണ് കത്തില്‍ പറയുന്ന മരുന്നുകള്‍. ഇവയില്‍ Brinolar, Brinzotim എന്നിവ കണ്ണിനുള്ളിലെ മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളാണ്. ഗ്ലോക്കോമ, ocular hypertension തുടങ്ങിയ അവസ്ഥകളില്‍ ഇവ നിര്‍ദേശിക്കപ്പെടുന്നു. Brinolar-ല്‍ brinzolamide ഉം Brinzotim-ല്‍ brinzolamide-timolol സംയുക്തവുമാണ് അടങ്ങിയിരിക്കുന്നത്.

    Lotepred വിഭാഗത്തിലെ മരുന്നുകളില്‍ corticosteroid ആയ loteprednol ആണ് പ്രധാന ഘടകം. കണ്ണിലെ അലര്‍ജി, ശസ്ത്രക്രിയയ്ക്കുശേഷമുള്ള വീക്കം എന്നിവ നിയന്ത്രിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. Lotepred T-യില്‍ loteprednol-നൊപ്പം ആന്റിബയോട്ടിക്കായ tobramycin-ഉം ഉള്‍പ്പെടുന്നു. Nepalact-ല്‍ nepafenac ആണ് അടങ്ങിയിരിക്കുന്നത്. തിമിര ശസ്ത്രക്രിയക്കും മറ്റും ശേഷമുള്ള വേദനയും വീക്കവും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു.

    നേത്രതുള്ളി മരുന്നുകൾ സ്റ്റെറൈൽ ആയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചെറിയ തോതിലുള്ള മലിനീകരണം പോലും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ മരുന്ന് കമ്പനികൾ കർശനമായ ഗുണനിലവാര പരിശോധനകൾ നടത്താറുണ്ട്.


    സൺ ഫാർമയുടെ ഐ ഡ്രോപ്പ് ബ്രാൻഡുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നുകളുടെ ബാച്ച് നമ്പർ, നിർമ്മാണ വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷം മാത്രമേ ഉപഭോക്താക്കൾ തുടർ ഉപയോഗം സംബന്ധിച്ച് തീരുമാനമെടുക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728