ഇരിട്ടി മലയോരത്ത് കനത്ത മഴ; ആറളം ഫാമിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു, വീരാജ്‌പേട്ടയിൽ സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്
ഇരിട്ടിയിലും മലയോര മേഖലകളിലും രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടം വിതച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രധാന റോഡിലേക്ക് കൂറ്റൻ പ്ലാവ് കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അതേസമയം, വീരാജ്‌പേട്ടയിൽ മരം വീണ് സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റു.
ബാവലി, ബാരാപോൾ പുഴകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പഴശ്ശി പദ്ധതിയുടെ പകുതിയോളം ഷട്ടറുകൾ തുറന്നു. ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിലെ കല്ലുവെട്ടാംകുഴി ഭാഗത്തും മോഡൽ റെസിഡൻഷ്യൽ സ്കൂളിന് സമീപവും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകളും ലൈനുകളും തകർന്നതോടെ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങി.
ഇരിട്ടി അഗ്നിശമന സേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് രണ്ടിടങ്ങളിലെയും ഗതാഗതം പുനഃസ്ഥാപിച്ചത്.
വീരാജ്‌പേട്ടയിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ മരം പൊട്ടിവീണ് ബെട്ടോളി സ്വദേശിനിയായ സിന്ധുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെങ്കിലും സ്കൂട്ടർ പൂർണമായും തകർന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സിന്ധുവിനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
കുടക് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മാക്കൂട്ടം, ബ്രഹ്മഗിരി വനമേഖല, ആറളം, കൊട്ടിയൂർ വനമേഖല എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുന്നതിനാൽ അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
No comments