സ്‌പെയിൻ ജയിച്ചാല്‍ മന്തി'; വൈറലായ വാഗ്ദാനം പാലിച്ച് ഷജീര്‍, ആയിരം പേര്‍ക്ക് സൗജന്യ വിരുന്ന്
അമ്പലവയല്‍: "ഇഷ്ടടീമായ സ്‌പെയിൻ ലോകകപ്പ് നേടിയാല്‍ നാട്ടുകാർക്ക് എന്റെ വക മന്തി" - അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ നടത്തിയ ഈ പ്രഖ്യാപനം ലോകകപ്പ് ഫൈനലിന് മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അർജന്റീന-സ്‌പെയിൻ കലാശപ്പോരിന് മുന്നോടിയായി കേരളമൊട്ടാകെ ചർച്ചയായ ആ വാഗ്ദാനം ഇപ്പോള്‍ യാഥാർഥ്യമാകുകയാണ്.
ഷജീർ ആഗ്രഹിച്ചതുപോലെ സ്‌പെയിൻ കിരീടം നേടിയതോടെ, വാക്ക് പാലിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. തിങ്കളാഴ്ച രാവിലെ സ്‌പെയിനിന്റെ വെള്ള ജഴ്‌സി ധരിച്ചാണ് പതിവുപോലെ കടയിലെത്തിയത്. പച്ചക്കറിക്കടയിലെ തിരക്കിനിടയിലും സൗജന്യ മന്തി വിതരണത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ അമ്പലവയലില്‍ ആയിരം പേർക്ക് സൗജന്യമായി മന്തി വിതരണം ചെയ്യുമെന്ന് ഷജീർ അറിയിച്ചു. ഇത് വികാരത്തില്‍ പറഞ്ഞുപോയ വാക്കല്ലെന്നും, കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന ടീം ലോകകപ്പ് നേടുന്നതിലും വലിയ സന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം തിങ്കളാഴ്ച തന്നെ മന്തി വിതരണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ, "മന്തി നല്‍കുമെന്ന് താൻ പറഞ്ഞിട്ടില്ല, അത് എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയാണ്" എന്ന തരത്തില്‍ ഷജീർ പറയുന്ന മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് ഷജീർ തന്നെ രംഗത്തെത്തി മന്തി വിതരണം ഉറപ്പാണെന്ന് വ്യക്തമാക്കി. ഇതോടെ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
No comments