Header Ads

ad728
  • Breaking News

    ചെന്താമരയുടെ വധശിക്ഷ വിധിയില്‍ ആശ്വാസം; എങ്കിലും ഭീതിയോടെ ബോയൻ ഉന്നതിക്കാര്‍


    _നെന്മാറ: പോത്തുണ്ടിയില്‍ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതില്‍ ആശ്വാസത്തിലാണ് നെന്മാറ പോത്തുണ്ടി ബോയൻ ഉന്നതിയിലുള്ളവർ._

    _പക്ഷേ വിധിയുടെ ആശ്വാസത്തിലും ചെന്താമരയെ അടുത്തറിയുന്നവർക്ക് ഭീതി ഒഴിഞ്ഞിട്ടില്ല. ബോയൻ ഉന്നതിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചത്. 2019 ല്‍ സുധാരന്റെ ഭാര്യ സജിതയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കിടെ പരോളിലിറങ്ങിയാണ് ചെന്താമര വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മക്കളും പിണങ്ങിപോകാനുള്ള കാരണം സജിതയാണെന്ന് പറഞ്ഞാണ് ചെന്താമര ആദ്യം സജിതയെ വകവരുത്തിയത്. കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെ വീണ്ടും കൊലപാതകം നടത്തിയതാണ് ബോയൻ ഉന്നതിയിലുള്ളവരെ ഭീതിയിലാഴ്ത്തിയത്. കൊലപാതകത്തിന് ശേഷം തൊട്ടടുത്ത മലയില്‍ കയറിയൊളിച്ച ചെന്താമരയെ 36 മണിക്കൂറിന്‌ശേഷമാണ് പോലീസ് പിടികൂടിയത്. ഇതുവരെയും പ്രദേശത്തുള്ളവർ ഭീതിയിലായിരുന്നു._

     _പ്രധാന സാക്ഷികളിലൊരാളായ, വീടിനു മുൻവശത്തുള്ള പുഷ്പയെയും വകവരുത്തുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു._
    _കേസിന്റെ ഭാഗമായി പ്രദേശത്തുള്ള 90 ലധികം പേരാണ് സാക്ഷികളായി മൊഴി നല്‍കാനായി എത്തിയത്. ഇവരെ എല്ലാം നേരിട്ടറിയുന്നയാളാണ് ചെന്താമരയെന്നതുകൊണ്ട് വീണ്ടും പുറത്തിറങ്ങിയാല്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. ചെന്താമരയുടെ വീടിനു മുന്നിലാണ് പുഷ്പയുടെ വീട്. അതിനു തൊട്ടടുത്താണ് സുധാകരന്റെയും വീട്. സംഭവങ്ങള്‍ക്ക് ശേഷം മൂന്നു വീടും അടഞ്ഞ് കാടുപിടിച്ചുകിടക്കുകയാണ്. ഈ ഭാഗത്തേക്കും ആളുകള്‍ പോകാതായി._

     _ചെന്താമരയ്ക്ക് പ്രതീക്ഷിച്ച വിധി തന്നെ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും യാതൊരു തരത്തിലും പുറത്തിറങ്ങരുതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം വക്കീല്‍ ജേക്കബ് മാത്യു പറഞ്ഞു. ശിക്ഷ ഇളവ് ലഭിച്ചാല്‍ വീണ്ടും നാട്ടിലെത്താനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കോടതിയില്‍ പലപ്പോഴായി സാക്ഷി വിസ്താരത്തിനായി ഹാജരായ പ്രദേശവാസികള്‍ ഇതോടെ ഭീതിയില്‍ തുടരുകയാണ്. അതിനാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കാൻ സർക്കാർതലത്തില്‍ ശക്തമായ നടപടി ഉണ്ടാവണമെന്നാണ് ബോയൻ ഉന്നതിയിലുള്ള പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728