Header Ads

ad728
  • Breaking News

    മുൻകൂട്ടിയറിയാം മണ്ണിടിച്ചില്‍



    മണ്ണിടിച്ചില്‍ സാധ്യത മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നല്‍കാനും അതുവഴി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനുമുള്ള സംസ്ഥാനത്തെ ആദ്യസംവിധാനം കണ്ണൂർ ജില്ലയില്‍ ഒരുക്കുന്നു.കണിച്ചാർ പഞ്ചായത്തിലെ മാടശേരി മലയിലാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്. മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകള്‍ എന്നീ ഡാറ്റ ശേഖരിച്ചു വിശകലനം ചെയ്ത് മണ്ണിടിച്ചില്‍ സാധ്യതയുണ്ടോ എന്ന് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്. സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി, ഐഐടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവിധാനം തയാറാക്കുന്നത്. ഏകദേശം രണ്ടു കോടി രൂപയോളമാണ് ചെലവ്.

    2022 ല്‍ 34 തവണ മണ്ണിടിച്ചില്‍ അനുഭവപ്പെട്ട പ്രദേശമാണ് കണിച്ചാർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാടശേരി മലയില്‍ ഓഗ്സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തില്‍ ഈ വർഷം ജനുവരിയില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇനി മണ്ണ് പരിശോധനയ്ക്കുശേഷം 15 മുതല്‍ 20 മീറ്റർ വരെ ആഴത്തില്‍ കുഴിച്ചു സെൻസറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തേണ്ടത്. ഐഐടി റൂർക്കിയുടെ നേതൃത്വത്തിലാണ് മലയുടെ ഉയരത്തില്‍നിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി സെൻസറുകള്‍ സ്ഥാപിക്കുക. മാടശേരി മലയില്‍ സ്ഥാപിക്കുന്ന സംവിധാനം ഉപയോഗിച്ച്‌ മണ്ണിന് സമാനഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയും പരിശോധിക്കാൻ കഴിയും.സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി നടത്തുന്ന പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്തെ മണ്ണിടിച്ചില്‍ സാധ്യതയുള്ള, വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഈ സംവിധാനം സ്ഥാപിക്കും. നിലവില്‍ ഇവിടെനിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റ ശേഖരിക്കുന്നുണ്ട്. സെൻസറുകള്‍ സ്ഥാപിച്ച ശേഷം ഏകീകൃത പോർട്ടല്‍ സംവിധാനത്തിലൂടെ മഴ വിവരങ്ങളും മണ്ണിടിച്ചില്‍ മുന്നറിയിപ്പും ശാസ്ത്രീയമായ രീതിയില്‍ ലഭ്യമാക്കാൻ കഴിയും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728