Header Ads

ad728
  • Breaking News

    കള്ളാടി ദുരന്തം; അവസാനത്തെ മൃതദേഹം കൂടി കണ്ടെത്തി : മരണം എട്ടായി

    കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയുടെ കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാചല്‍ സ്വദേശിയും കണ്‍സ്ട്രക്ഷന്‍ മാനേജറുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തം നടന്ന് ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം ലഭിക്കുന്നത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പാലത്തില്‍ നിന്ന് 150 മീറ്റര്‍ ദൂരെയായിരുന്നു മൃതദേഹം. പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തില്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിക്രം റാണയുടെ സഹോദരങ്ങളായ കുല്‍വന്ത്, പ്രമോദ്, ബന്ധുവായ അന്‍കുഷ് എന്നിവര്‍ വയനാട്ടില്‍ എത്തിയിരുന്നു.

    ജൂലൈ എട്ടിനാണ് വയനാട് കളളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. തുരങ്ക പാത ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍ പെട്ടത്. ഇതിലേറെയും അതിഥി തൊഴിലാളികളായിരുന്നു. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ടവരെയും സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെയും അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുളള ഏക പാതയിലാണ് അപകടമുണ്ടായത്.

    അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി അധികൃതര്‍ അറിയിച്ചു. 49 കുടുംബങ്ങളിലെ 132പേര്‍ ക്യാംപില്‍ തുടരുകയാണ്. മണ്ണിടിച്ചില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപോര്‍ട്ട് കിട്ടിയ ശേഷമാകും തുരങ്ക നിര്‍മ്മാണം സംബന്ധിച്ച തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുക. റവന്യു, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ഭൗമശാസ്ത്രവിദഗ്ദനായ ഡോ. സി പി രാജേന്ദ്രന്‍, പരിസ്ഥിതി വിദഗ്ധന്‍ ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇതുസംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.

    തുരങ്ക നിര്‍മ്മാണ മേഖലയിലുണ്ടായ സുരക്ഷാവീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതികളുടെ ലംഘനം എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിക്കും. കരാറുകാരന്‍ നിബന്ധനകള്‍ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ സമിതി പരിശോധിക്കും. ഒരു മാസത്തിനുളളില്‍ റിപോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728