ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍
കണ്ണൂര്‍: ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയും, കണ്ണൂര്‍ ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടറുമായ പി.പി.ശ്രീധരന്‍(49)നെവിജിലന്‍സ് കയ്യോടെ പിടികൂടി.
പൂഴിമണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അനുമതി നല്‍കുന്നതിന് ഓഫീസ് കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് 08.07.2026 തീയതി ജിയോളജി ഓഫീസില്‍ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, പരാതിക്കാരന്‍ രേഖകളുമായി ഓഫീസിലെത്തി
മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടര്‍ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു.ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്‍സ്‌പെക്ഷനായി ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരന്‍ ജൂലൈ-15 ന് വീണ്ടും ഓഫീസില്‍ എത്തുകയും, മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടറായ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു.
ഈ സമയം, സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തണമെങ്കില്‍ തന്നെ വേണ്ട രീതിയില്‍ കാണണമെന്നും, അല്ലെങ്കില്‍ ഫയല്‍ മുന്നോട്ട് പോവുകയില്ലായെന്നും അതിന് 30,000 രൂപ കൈക്കൂലി നല്‍കണമെന്നും ശ്രീധരന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു.
ഇത്രയും തുക നല്‍കാന്‍ കഴിയില്ലന്ന് പരാതിക്കാരന്‍ അറിയിച്ചപ്പോള്‍ 16 ന് സെറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ എത്താമെന്നും അപ്പോള്‍ 15,000/ രൂപ നല്‍കണമെന്നും പരാതിക്കാരനോട് പറഞ്ഞു.എന്നാല്‍ കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും,
അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ വൈകുന്നേരം 4.30 ന് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനില്‍ നിന്നും 15,000/ രൂപ കൈക്കൂലി വാങ്ങവെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
No comments