Header Ads

ad728
  • Breaking News

    9 വർഷം കഴിഞ്ഞിട്ടും വധുവിനെ കണ്ടെത്തിയില്ല; കണ്ണൂരിലെ വിവാഹ ബ്യൂറോയ്ക്ക് ₹8,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


     *കണ്ണൂർ* : വിവാഹത്തിനായി രജിസ്റ്റർ ചെയ്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെട്ട വിവാഹ ബ്യൂറോയ്ക്ക് പരാതിക്കാരന് ₹8,000 നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

    2016-ൽ കണ്ണൂർ സ്വദേശിയായ യുവാവ് ₹3,000 രജിസ്ട്രേഷൻ ഫീസ് അടച്ച് വിവാഹ ബ്യൂറോയുടെ സേവനം സ്വീകരിച്ചിരുന്നു. കാസർകോട് സ്വദേശിനിയായ വധുവിനെ കണ്ടെത്തി നൽകാമെന്ന് ബ്യൂറോ ഉറപ്പ് നൽകിയിരുന്നെങ്കിലും വാഗ്ദാനം പാലിക്കുകയോ മറ്റൊരു അനുയോജ്യമായ വിവാഹാലോചന ലഭ്യമാക്കുകയോ ചെയ്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.

    തുടർച്ചയായി വർഷങ്ങളോളം "അടുത്ത തവണ അനുയോജ്യമായ ആലോചന ലഭ്യമാക്കാം" എന്ന ഉറപ്പ് മാത്രമാണ് ലഭിച്ചതെന്നും, ഇതുമൂലം തനിക്കും കുടുംബത്തിനും കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടേണ്ടിവന്നതായും പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.

    കമ്മിഷൻ നോട്ടീസ് നൽകിയിട്ടും വിവാഹ ബ്യൂറോ ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്തില്ല. തുടർന്ന് പരാതിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച കമ്മിഷൻ സേവനത്തിലെ വീഴ്ച കണ്ടെത്തി.

    ഇതിന്റെ അടിസ്ഥാനത്തിൽ ₹3,000 രജിസ്ട്രേഷൻ ഫീസ് തിരികെ നൽകാനും, ₹3,000 മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരമായും, ₹2,000 കോടതി ചെലവായും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്ത പക്ഷം രജിസ്ട്രേഷൻ ഫീസിന് വാർഷിക 9 ശതമാനം പലിശ നൽകണമെന്നും നിർദേശിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728