ചോദ്യപേപ്പര്‍ ചോര്‍ച്ച; എന്‍ടിഎയില്‍ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. പുറത്താക്കപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി നിയമ നടപടി സ്വീകരിക്കും. വ്യക്തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ടിഐയില്‍ അഴിച്ചുപണിയെന്ന വാര്‍ത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് കൂട്ട പിരിച്ചുവിടല്‍.
ഏജന്‍സി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017ലാണ് സ്വയംഭരണാവകാശമുള്ള സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ എന്‍ടിഎ രൂപീകരിച്ചത്. നീറ്റ് യുജി പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. നീറ്റ് കൂടാതെ ജെഇഇ മെയിന്‍, സിയുഇടി തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുപതോളം ദേശീയതല പരീക്ഷകള്‍ നടത്തുന്നത് എന്‍ടിഎ ആണ്. ഒരുമാസത്തിനകം പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നാണ് സൂചന.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷാസംവിധാനം ഒരുക്കാന്‍ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച്, പരീക്ഷ നടത്താന്‍ പുറംകരാര്‍ നല്‍കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരും. ഉത്തരവാദിത്വം വര്‍ധിപ്പിക്കാനും പരീക്ഷാ നടത്തിപ്പിലെ പിഴവുകള്‍ കുറയ്ക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
രാജി ഒഴികെയുള്ള ആവശ്യങ്ങള്‍ തല്‍ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിതല സമിതി അറിയിച്ചു. രാജിയില്ലെങ്കില്‍ ഒത്തുതീര്‍പ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു.
No comments