Header Ads

ad728
  • Breaking News

    ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജിയില്‍ വിധി ഇന്ന്


     *കണ്ണൂർ* : യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസില്‍ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹരജിയില്‍ തലശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. നിലവില്‍ കണ്ണൂർ അഡീഷണല്‍ സെഷൻസ് കോടതി മുൻപാകെ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.

    കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹരജി സമർപ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണല്‍ സെഷൻസ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.

    സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കർശനമായിട്ടാണ് നേരിട്ടത്. പ്രതികള്‍ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.

    കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഷുഹൈബ് വധക്കേസിന്റെ വിചാരണാ നടപടികള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ഇന്ന് തലശേരി സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വിധി, കേസിന്റെ തുടർന്നുള്ള വിചാരണാ നടപടികള്‍ ഏത് കോടതിയില്‍ വെച്ച്‌, എത്രയും വേഗം പൂർത്തിയാക്കണമെന്ന കാര്യത്തില്‍ നിർണായകമാകും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728