ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പാശ്ചാത്യ സ്വാധീനം'; പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് കമിതാക്കളോട് കോടതി
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ലിവ് ഇന്‍ പങ്കാളികളുടെ ഹര്‍ജി തളളി ഹൈക്കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് നടപടി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ രാജ്യത്തെ ഒരു വിഭാഗം സ്വീകരിച്ച ആധുനിക ജീവിതശൈലി ആണെന്നും ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളില്‍ നിന്ന് ഒളിച്ചോടുന്ന യുവാക്കൾ അവരുടെ കുടുംബങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുകയാണെന്നും അന്തസോടെ ജീവിക്കാനുളള മാതാപിതാക്കളുടെ അവകാശത്തെ ലംഘിക്കുകയാണെന്നും കോടതി പറഞ്ഞു.
കുറച്ചുദിവസം ഒരുമിച്ച് താമസിച്ചു എന്നതുകൊണ്ട് യഥാര്‍ത്ഥ ബന്ധമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹര്‍ജി തളളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് സംരക്ഷണം നല്‍കുന്നത് 'നിയമവിരുദ്ധമായ ബന്ധ'ത്തിന് കോടതി അംഗീകാരം നല്‍കുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു. 'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശവും വ്യക്തിസ്വാതന്ത്രവും എന്ന അവകാശത്തില്‍ തന്നെ അന്തസ്സോടെ ജീവിക്കാനുളള അവകാശവും ഉള്‍പ്പെടുന്നു. മാതാപിതാക്കളുടെ വീടുകളില്‍ നിന്ന് ഒളിച്ചോടിയതോടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുക മാത്രമല്ല, മാതാപിതാക്കളുടെ അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കാനുളള അവകാശം ലംഘിക്കുകയും ചെയ്യുന്നു' എന്നാണ് കോടതി നിരീക്ഷിച്ചത്.
കുടുംബാംഗങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 226,227 വകുപ്പുകള്‍ പ്രകാരം സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയും യുവാവും കോടതിയെ സമീപിച്ചത്. തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. യുവതിയെ അവരുടെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തി ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ യുവാവിനെ വ്യാജ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദമ്പതികള്‍ ജൂണ്‍ ഒന്നിന് പട്യാല എസ്പിയ്ക്ക് പരാതി നല്‍കിയിരുന്നു.
No comments