Header Ads

ad728
  • Breaking News

    കൂട്ടുകാരുടെ പേരില്‍ പാഴ്സലില്‍ കഞ്ചാവ്, ജിജിറ്റിനെ പൊക്കാനെത്തിയപ്പോള്‍ 20 നായപ്പടയുടെ കാവല്‍! ബിസ്കറ്റ് വിതറി വശത്താക്കി, സാഹസികമായി പ്രതിയെ പൊക്കി

    പോസ്റ്റ് ഓഫീസ് പാഴ്സല്‍ വഴി മേഘാലയയില്‍ നിന്ന് സുഹൃത്തുക്കളുടെ പേരില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം.പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റ് ആണ് പിടിയിലായത്. 20ഓളം നായ്ക്കളുടെ സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ജിജിറ്റ്. കഴിഞ്ഞ ഫെബ്രുവരി നാലിലാണ് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയില്‍ നിന്നും ഒരുപാഴ്സല്‍ എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ 7.5 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയത്.

    സംഭവത്തില്‍ സഹോദരങ്ങളായ കൊല്ലങ്കോട് സ്വദേശി ആർ.സഞ്ജയും സഹോദരൻ ആർ.രാഹുലും എക്സൈസ് പിടിയിലായിരുന്നു. ഇവരുടെ പേരിലാണ് കഞ്ചാവ് പാഴ്‌സല്‍ എത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജിജിറ്റാണ് തങ്ങളുടെ പേരില്‍ കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് എത്തിച്ചതെന്ന് യുവാക്കള്‍ എക്സൈസിന് മൊഴി നല്‍കിയത്. പാഴ്സല്‍ പിടിക്കപ്പെട്ടതോടെ നാലര മാസമായി ഒളിവിലായിരുന്നു ജിജിറ്റ്. ഇതിനിടെ പാലക്കാട് നഗരത്തിനോട് ചേർന്നുള്ള പുത്തൂരിലെ വാടകവീട്ടില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന് എക്സൈസിനെ വിവരം ലഭിച്ചു.

    ഇയാള്‍ കഴിയുന്നത് നിരവധി നായ്ക്കളുടെ സംരക്ഷണത്തില്‍ ആണെന്ന് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തില്‍ വ്യക്തമായി. അതിനാല്‍ പ്രതിയെ പിടികൂടാൻ ഉദ്യോഗസ്ഥർ എത്തിയത് ബിസ്‌കറ്റ് പാക്കറ്റുകളുമായാണ്. പുലർച്ചെ പ്രതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അകത്തു കടക്കാൻ അനുവദിക്കാതെ നായ്ക്കള്‍ പാഞ്ഞെത്തി. പരിശോധനയ്ക്കിടെ വീട്ടില്‍ നായ്ക്കളെ അഴിച്ചുവിട്ട് പ്രതിയും വീട്ടുകാരും പരിഭ്രാന്തി പരത്തി. 20 ഓളം നായ്ക്കളെ വീടിനു ചുറ്റും നിർത്തിയാണ് ജിജിറ്റ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്.

    ഒടുവില്‍ നായ്ക്കള്‍ക്ക് ബിസ്‌ക്കറ്റ് നല്‍കി വരുതിയിലാക്കിയ ശേഷം സാഹസികമായാണ് എക് സൈസ് സംഘം വീടിനകത്ത് കയറിയത്. മറ്റ് വഴിയില്ലാതെ പ്രതി കീഴടങ്ങി. ഇവർക്ക് മേഘാലയില്‍ നിന്ന് ആരാണ് കഞ്ചാവ് എത്തിച്ചത്, ആരാണ് ഇവർക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728