സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓര്‍ഡിനറിയില്‍ മാത്രം; ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; കെ.എസ്.ആര്‍.ടി.സിക്ക് മാസം 100 കോടിയുടെ അധിക ബാധ്യത
_*തിരുവനന്തപുരം*: പുതിയ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍._
_എന്നാല്‍, തുടക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെ.എസ്.ആര്‍.ടി.സി. വിദഗ്ധ സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നീക്കം._
_തുടക്കത്തില്‍ എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും സ്ത്രീകളുടെ സൗജന്യ യാത്ര പരിഗണിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നതോടെയാണ് ഓര്‍ഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കിയത്._ _ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്സ് തുടങ്ങിയ റിസര്‍വേഷന്‍ സൗകര്യമുള്ള ഉയര്‍ന്ന ശ്രേണിയിലെ ബസുകളില്‍ കൂടി സൌജന്യ യാത്ര അനുവദിച്ചാല്‍ അത് സര്‍വീസ് രംഗത്ത് വലിയ കെടുകാര്യസ്ഥതയ്ക്കും പ്രതിസന്ധിക്കും കാരണമാകുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി._
_ദീര്‍ഘദൂര സര്‍വീസുകളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് കമ്മേഴ്‌സ്യല്‍ സര്‍വീസുകളെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നു. ഭാവിയില്‍ ഓര്‍ഡിനറി ബസുകളിലെ ഈ പരീക്ഷണം വിജയകരമാണെന്ന് കണ്ടാല്‍ മാത്രമേ മറ്റ് സര്‍വീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയുള്ളൂ._ _അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന ഭീമമായ നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ നികത്തുമെന്നാണ് വ്യവസ്ഥ._
_പ്രതിമാസ ബാധ്യത: 90 മുതല്‍ 100 കോടി രൂപ വരെ ഈ പദ്ധതിക്കായി മാത്രം പ്രതിമാസം സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വരും._
_നിലവിലെ സഹായം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി നിലവില്‍ പ്രതിമാസം 80 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ നൂറ് കോടിയുടെ ബാധ്യത കൂടി വരുന്നത്._
_കോവിഡ് പ്രതിസന്ധിക്ക് മുന്‍പ് പ്രതിദിനം 35 ലക്ഷത്തോളം യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിലവില്‍ അത് 20 മുതല്‍ 25 ലക്ഷം വരെയായി ചുരുങ്ങിയിട്ടുണ്ട്. പല റൂട്ടുകളിലും സ്വകാര്യ ബസുകളുടെ കടന്നുകയറ്റവും സര്‍വീസുകളുടെ കുറവും കാരണം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ കൈവിടുന്ന അവസ്ഥയായിരുന്നു._
_എന്നാല്‍, ജൂണ്‍ 15-ഓടെ സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്. ഓര്‍ഡിനറി ബസുകളിലേക്ക് സാധാരണക്കാരായ സ്ത്രീ യാത്രക്കാര്‍ വന്‍തോതില്‍ തിരിച്ചെത്തുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഗതാഗത വകുപ്പ്.
No comments