Header Ads

ad728
  • Breaking News

    സുപ്രിംകോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച് ജയിൽ മോചിതനായി ജീവപര്യന്തം ശിക്ഷക്കപ്പെട്ട തടവുപുള്ളി, വർഷങ്ങൾക്ക് ശേഷം വിവരം പുറത്തറിഞ്ഞത് ഇങ്ങനെ


    ബംഗളൂരു: സുപ്രിംകോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച് ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് ജയിൽ മോചിതനായി തടവുപുള്ളിക്കെതിരെ കേസ്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് സംഭവം. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതി ശങ്കർ അറുമുഖമാണ് അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്. സുപ്രിംകോടതിയുടെ വ്യാജരേഖകൾ നിർമിച്ചതിൽ ഉൾപ്പെട്ട കുറ്റവാളിക്കും മറ്റുള്ളവർക്കുമെതിരെ ജയിൽ അധികൃതർ കേസ് ഫയൽ ചെയ്തു.
    തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം നൽകിയ കേസിൽ 2001ലാണ് ശങ്കറിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഐപിസി സെക്ഷൻ 364 എ (മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് ശിക്ഷ നൽകിയത്. രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രണ്ട് വകുപ്പുകൾക്കുമായി 5,000 രൂപ വീതം പിഴയും വിധിച്ചു.
    2018ൽ സുപ്രിംകോടതിയിൽനിന്ന് ശിക്ഷയിൽ ഇളവ് ലഭിച്ചുവെന്ന് കാണിക്കുന്ന വ്യാജരേഖകൾ ഹാജരാക്കിയ ഇയാൾ, 2018 നവംബർ 13-നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 10,000 രൂപ പിഴയടച്ചാണ് മോചിതനായത്.

    വർഷങ്ങൾക്ക് ശേഷമാണ് വ്യാജ കോടതി രേഖകൾ സമർപ്പിച്ചാണ് ശങ്കർ മോചനം നേടിയതെന്ന പരാതികൾ ഉയർന്നുവന്നത്. ജയിൽ ഡയറക്ടർ ജനറലിന് ലഭിച്ച ഒരു അജ്ഞാത പരാതിയെത്തുടർന്ന് ഡിഐജി നടത്തിയ അന്വേഷണത്തിലാണ് എട്ട് വർഷത്തിന് ശേഷം തട്ടിപ്പ് വെളിച്ചത്തായത്. കർണാടകയിലെ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിന്റെ നിർദേശപ്രകാരം, ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനയ്ക്കായി ബന്ധപ്പെട്ട രേഖകൾ ബെംഗളൂരുവിലെ സതേൺ റേഞ്ചിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിന് കൈമാറി. ന്യൂഡൽഹിയിലെ സുപ്രിംകോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പ്രതി നൽകിയ ഉത്തരവ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
    വ്യാജ രേഖകൾ സൃഷ്ടിക്കുന്നതിലും സമർപ്പിക്കുന്നതിലും ശങ്കറിനെ നിരവധി വ്യക്തികൾ സഹായിച്ചിട്ടുണ്ടാകാമെന്ന് ജയിൽ അധികൃതർ ആരോപിച്ചു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും കുറ്റവാളിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728