Header Ads

ad728
  • Breaking News

    പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് യുഎസ് ഗവേഷകര്‍

    വാഷിങ്ടണ്‍: അതിവേഗം പടരുകയും മരണസാധ്യത ഉയര്‍ന്നതുമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക എഐ സാങ്കേതിക വിദ്യ വികസിപ്പിച്ച് യുഎസ് ഗവേഷകര്‍. രോഗലക്ഷണങ്ങള്‍ വ്യക്തമായി പ്രകടമാകുന്നതിന് വര്‍ഷങ്ങള്‍ മുന്‍പേ തന്നെ കാന്‍സറിന്റെ സൂചനകള്‍ തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. അമേരിക്കയിലെ മയോ ക്ലിനിക്കും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡിയും ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററും ചേര്‍ന്നാണ് 'റെഡ്‌മോഡ്' എന്ന എഐ സംവിധാനം വികസിപ്പിച്ചത്. സാധാരണ സിടി സ്‌കാനുകളില്‍ മനുഷ്യര്‍ക്ക് ശ്രദ്ധയില്‍പ്പെടാത്ത അതിസൂക്ഷ്മമായ മാറ്റങ്ങള്‍ വരെ കണ്ടെത്താന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

    രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നതിന് ശരാശരി 16 മാസം മുതല്‍ മൂന്നുവര്‍ഷം മുന്‍പ് വരെ പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ റെഡ്‌മോഡിന് സാധിച്ചതായി പഠന റിപോര്‍ട്ടില്‍ പറയുന്നു. ഇതിനായി 969 സിടി സ്‌കാനുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. പരീക്ഷണ ഘട്ടത്തില്‍ നിരവധി വിദഗ്ധ ഡോക്ടര്‍മാരെക്കാള്‍ കൃത്യമായി രോഗസൂചനകള്‍ കണ്ടെത്താന്‍ എഐയ്ക്ക് കഴിഞ്ഞതും ശ്രദ്ധേയമായി. ഇപ്പോള്‍ ഗവേഷണ ഘട്ടത്തിലിരിക്കുന്ന ഈ സാങ്കേതിക വിദ്യ കൂടുതല്‍ വ്യാപകമായ പരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ചികില്‍സാരംഗത്ത് പ്രായോഗികമായി ഉപയോഗത്തിലാകൂ. രോഗം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728