Header Ads

ad728
  • Breaking News

    സത്യപ്രതിജ്ഞയ്‌ക്കും മുമ്പ് കുടുംബശ്രീയിൽ കരാർ പുതുക്കൽ മരവിപ്പിച്ചു; ആയിരങ്ങൾ ആശങ്കയിൽ

    കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കൽ നടപടികൾ മരവിപ്പിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയതോടെ ആയിരക്കണക്കിന് ജീവനക്കാർ അനിശ്ചിതത്വത്തിലായി. മെയ് 31-ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരു വർഷത്തെ കരാർ പതിവുപോലെ ഏപ്രിൽ, മെയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തീരുമാനം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുതിർന്ന മുസ്ലിംലീഗ് നേതാവിന്റെ പിഎയുടെ നിർദേശപ്രകാരമാണ് ഉത്തരവ് പുറത്തിറങ്ങിയതെന്നാണ് സൂചന.

    കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോ-ഓർഡിനേറ്റർമാരെയും അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരെയും ഒഴികെ ഭൂരിഭാഗം ജീവനക്കാരും കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, സിഡിഎസ് അക്കൗണ്ടന്റുമാർ, സിറ്റി മിഷൻ മാനേജർമാർ, സോഷ്യൽ ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റുകൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 2624 പേരാണ് നിലവിൽ കരാർ ജീവനക്കാരായുള്ളത്. യുഡിഎഫ് ഭരണകാലത്ത് നിയമിതരായവരും ഇക്കൂട്ടത്തിലുണ്ട്. പത്ത് മുതൽ പതിനഞ്ച് വർഷം വരെ സേവനം അനുഷ്ഠിച്ചുവരുന്ന നിരവധി ജീവനക്കാരും പട്ടികയിലുണ്ടെന്നതാണ് ശ്രദ്ധേയം.

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് കരാർ നിയമന-പുതുക്കൽ നടപടികൾ താത്കാലികമായി നിർത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് 6 മുതൽ നടപടികൾ പുനരാരംഭിക്കാൻ ജില്ലാ മിഷനുകൾക്ക് സംസ്ഥാന മിഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ അതിന് പിന്നാലെ മെയ് 7-ന് പുറത്തിറങ്ങിയ പുതിയ ഉത്തരവിലൂടെ ജൂൺ ഒന്നിന് ശേഷമുള്ള അറിയിപ്പ് ലഭിക്കുംവരെ നിയമന നടപടികൾ നിർത്തിവയ്ക്കാനും ഇതിനകം പുതുക്കിയ നിയമനങ്ങൾ റദ്ദാക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്.

    കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ കരാർ ജീവനക്കാർ നിർണായക പങ്ക് വഹിക്കുന്നവരാണെന്നാണ് വിലയിരുത്തൽ. സ്ഥിരം ജോലി സമയത്തിന് പുറത്തും അവധി ദിവസങ്ങളിലുമടക്കം അധിക ചുമതലകൾ നിർവഹിക്കുന്ന ഇവരുടെ ഭാവിയെ ബാധിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധസാധ്യത ഉയരുന്നുണ്ട്. യുഡിഎഫ് അധികാരത്തിലെത്തുമെന്ന സാഹചര്യം മുന്നിൽകണ്ട് കുടുംബശ്രീയിലെ ജീവനക്കാരുടെ രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കണമെന്ന നിർദേശം ലീഗ് നേതൃത്വത്തിൽ നിന്നുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. സർക്കാർ രൂപീകരണത്തിന് മുമ്പേ ഉദ്യോഗസ്ഥർക്കു മേൽ സമ്മർദം ചെലുത്തി കുടുംബശ്രീ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്ന ആരോപണവും ശക്തമാകുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728