കൊല്ലം മണ്‍റോതുരുത്തില്‍ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാര്‍ സുരക്ഷിതര്‍
കൊല്ലം: മണ്‍റോതുരുത്തില്‍ വിനോദസഞ്ചാരികളുമായി ഹൗസ് ബോട്ട് മുങ്ങി. ഹൗസ് ബോട്ട് ഭാഗികമായാണ് മുങ്ങിയത്. പുത്തനാറില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് കയറുന്നതിനിടെ കക്കാട്ട് കടവിന് സമീപം വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബോട്ടിലുള്ള യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം അപകട കാരണമെന്നും പോലിസ് പറയുന്നു.
കാരൂത്രക്കടവില്‍ നിന്ന് പത്തോളം പേരുമായി യാത്രതിരിച്ച വള്ളമാണ് അപകടത്തില്‍ പെട്ടത്. കരയ്ക്ക് നിന്നവര്‍ വള്ളം ഉലയുന്നത് കണ്ട് കടവത്ത് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ മുന്നോട്ടുപോയി. ഒടുവില്‍ വള്ളം ചരിഞ്ഞ് വെള്ളം കയറിയതോടെ സഹായത്തിനായി അഭ്യര്‍ഥിക്കുകയായിരുന്നു. ഉടന്‍ തന്നെ നീന്തിയും ചെറുവള്ളങ്ങളില്‍ തുഴഞ്ഞുമെത്തിയ നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തി ഇരുകരകളിലും എത്തിച്ചു. കിഴക്കേ കല്ലട പോലിസും കുണ്ടറ അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടമുണ്ടായത് കടവിന് സമീപത്തായത് വിനോദ സഞ്ചാരികള്‍ക്ക് രക്ഷയായി
No comments