മൊബൈല്‍ ഫോണ്‍ വായ്പ മുടങ്ങിയാല്‍; ലോക്കിന് ആര്‍ബിഐ നിയന്ത്രണം
റിസർവ് ബാങ്കിന്റെ പുതുക്കിയ വായ്പ തിരിച്ചുപിടിക്കല്‍ ചട്ടങ്ങള്‍ പ്രകാരം, മൊബൈല്‍ ഫോണ് ഫിനാൻസ് കന്പനികളുടെ മൊബൈല്‍ ലോക്ക് രീതികള്‍ക്ക് കർശന നിയന്ത്രണങ്ങള്‍ വരും.പുതുക്കിയ കരട് ചട്ടങ്ങള്‍ അനുസരിച്ച് കരാറിലെ വ്യക്തമായ മുൻകൂർ സമ്മതത്തോടെയും വായ്പ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങുന്ന സാഹചര്യത്തിലും മാത്രമേ വായ്പ നല്‍കിയവർക്ക് ഫോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനാകൂ. എടുത്ത വായ്പ ഏത് മൊബൈല്‍ ഫോണ്/ടാബ്ലെറ്റ് വാങ്ങാനാണോ ഉപയോഗിച്ചത്, ആ ഉപകരണത്തിേല്‍ മാത്രമേ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കൂ. മറ്റ് വ്യക്തിഗത വായ്പകള്‍ക്കോ ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കോ വേണ്ടി ഫോണ് നിയന്ത്രിക്കാൻ പാടില്ല.
പുതിയ നിയമങ്ങള്‍ 2026 ഒക്ടോബർ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിർദേശങ്ങള്‍ പ്രകാരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ തോന്നിയതുപോലെ ഉപഭോക്താവിന്റെ ഫോണ് ബ്ലോക്ക് ചെയ്യാനാകില്ല. വായ്പ കരാറില്‍ ഈ വിവരങ്ങളും പരാതി പരിഹാര മാർഗങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
സമയപരിധിയും നോട്ടീസും
കുടിശിക വരുത്തുന്ന ഉപഭോക്താക്കള്‍ക്ക് തുക അടച്ചുതീർക്കാൻ കൃത്യമായ സമയപരിധിയും നോട്ടീസുകളും നല്‍കിയ ശേഷമേ നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ എന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഉപകരണങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈല്‍ ഫോണ് വായ്പകള്‍ കുടിശികയായി 60 ദിവസം കഴിഞ്ഞാല്‍ ധനകാര്യ സ്ഥാപനം നോട്ടീസ് നല്‍കണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കില്‍ ഏഴു ദിവസത്തെ സമയപരിധി അനുവദിച്ച് രണ്ടാമത്തെ നോട്ടീസും നല്‍കണം. ഫോണ് ലോക്ക് ചെയ്യാൻ വായ്പാ കരാറില്‍ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കഴിയൂ.
അവശ്യ സേവനങ്ങള്‍, സ്വകാര്യത
ഇന്റർനെറ്റ്, ഇൻകമിംഗ് കോളുകള്‍, എമർജൻസി എസ്‌ഒഎസ് സേവനങ്ങള്‍, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഫോണില്‍ നിയന്ത്രിക്കാൻ പാടില്ല.
വായ്പയെടുത്ത ആളുടെ മൊബൈല്‍ ഫോണിലുള്ള യാതൊരുവിധ വ്യക്തിഗത വിവരങ്ങളും പരിശോധിക്കാനോ, ശേഖരിക്കാനോ, ഉപയോഗിക്കാനോ ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ഒരു സാഹചര്യത്തിലും അവകാശമുണ്ടായിരിക്കില്ല.
അണ്ലോക്ക് ചെയ്തില്ലെങ്കില്‍ പിഴ
കുടിശിക തുക ഉപഭോക്താവ് അടച്ചുതീർത്താല്‍ ഒരു മണിക്കൂറിനകം ഫോണില്‍ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കേണ്ടതുണ്ട്. വായ്പ പൂർണമായി തിരിച്ചടച്ചു കഴിഞ്ഞാല്‍ ഫോണ് നിയന്ത്രിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ പൂർണമായും അണ്ഇൻസ്റ്റാള്‍ ചെയ്യണം.
തെറ്റായ രീതിയില്‍ ഫോണ് ബ്ലോക്ക് ചെയ്യുകയോ, പണം അടച്ചിട്ടും ഒരു മണിക്കൂറിനകം നിയന്ത്രണം മാറ്റാതിരിക്കുകയോ ചെയ്താല്‍, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ നിരക്കില്‍ ബാങ്കുകള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. വായ്പ മുൻകൂട്ടി അടച്ചു തീർക്കാനുള്ള അവകാശവും ഉപഭോക്താവിനുണ്ടായിരിക്കും.
No comments