Header Ads

ad728
  • Breaking News

    ഇനി 'ചാറ്റ് ജി.പി.ടി'യുടെ കാലമല്ലേ!'; യൂട്യൂബ് വിട്ട് ഇന്ത്യൻ വിദ്യാർഥികൾ,പരീക്ഷക്കും കോഡിങിനും ഇനി 'ചാറ്റ് ജി.പി.ടി' തുണ


    കോളേജ് വിദ്യാർഥികളുടെ പഠനരീതികളെയും പരീക്ഷാ തയ്യാറെടുപ്പുകളെയും പാടെ മാറ്റിമറിച്ചുകൊണ്ട് ചാറ്റ്' ജിപിടി (ChatGPT) പോലുള്ള എ.ഐ ടൂളുകൾ കാമ്പസുകളിൽ സജീവമാകുന്നു. അസൈൻമെന്റുകൾ ചെയ്യാനും, കോഡിങ് പഠിക്കാനും, പ്ലേസ്മെന്റ്' ഇന്റർവ്യൂകൾക്ക് തയ്യാറെടുക്കാനും വിദ്യാർത്ഥികൾ ഇപ്പോൾ പ്രധാനമായി ആശ്രയിക്കുന്നത് എ.ഐ ടൂളുകളെയാണ്.

    പഠനകാര്യങ്ങളിൽ ഒരു ഹോം ട്യൂട്ടറെപ്പോലെയും കോഡിങിൽ ഒരു സഹായിയെപ്പോലെയും ചാറ്റ് ജി.പി.ടി മാറിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആദ്യത്തെപ്പോലെ പരീക്ഷയുടെ തലേദിവസം ഒരു പാഠഭാഗം എളുപ്പത്തിൽ മനസ്സിലാക്കാൻ വിദ്യാർഥികൾ ഇപ്പോൾ പത്തോ പന്ത്രണ്ടോ യൂട്യൂബ് വിഡിയോകൾ കാണുന്ന പതിവില്ല. അതേ സമയം ചാറ്റ് ജി.പി.ടിയോട് അത് ലളിതമായി പറഞ്ഞുതരാൻ ആവശ്യപ്പെടുകയും തുടർന്ന് കൃത്യമായ വിവരങ്ങൾ ഉടനടി ലഭിക്കുകയും ചെയ്യുന്നു. ഇതിൽ ഒരുപാട് സമയം ചിലവഴിക്കുകയും വേണ്ട എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

    കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പഠിച്ചുതീർക്കേണ്ടി വരുന്ന പരീക്ഷാക്കാലത്താണ് വിദ്യാർഥികൾ എ.ഐ ടൂളുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റംസ്, തെർമോഡൈനാമിക്‌സ് തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളുടെ വലിയ പി.ഡി.എഫുകളും ലെക്‌ചർ നോട്ടുകളും ചാറ്റ്ജി.പി.ടിയിൽ അ‌പ്ലോഡ് ചെയ്ത്, അവയുടെ പ്രധാന പോയിൻ്റുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും തരംതിരിച്ചെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.

    കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾക്ക് കോഡിങിലെ പിഴവുകൾ തിരുത്താനുള്ള മികച്ചൊരു സഹായിയാണ് ചാറ്റ് ജി.പി.ടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോഡിങിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, ആ എറർ മെസ്സേജ് ചാറ്റ്ജി. പി.ടിയിൽ കോപ്പി-പേസ്റ്റ് ചെയ്താൽ മതി, സെക്കൻ്റുകൾക്കകം പരിഹാരം ലഭിക്കും. പൈത്തൺ, ജാവ, സി++ തുടങ്ങിയ ഭാഷകളിലെ ലോജിക് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ലാബ് റെക്കോർഡുകൾ തയ്യാറാക്കാനും പ്രാക്‌ടിക്കൽ പരീക്ഷകളുടെ വൈവക്ക് മുന്നോടിയായി മോക്ക് ഇൻ്റർവ്യൂകൾ ചെയ്യാനും വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.

    ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ അസൈൻമെന്റുകൾ മികച്ച രീതിയിൽ മാറ്റിയെഴുതാൻ ചാറ്റ് ജി.പി.ടി സഹായിക്കുന്നുണ്ട്. കാമ്പസ് സെലക്ഷൻ സമയത്ത് മികച്ച റെസ്യൂമെ തയ്യാറാക്കാനും, കമ്പനികൾക്ക് അയക്കാനുള്ള ഇമെയിലുകൾ എഴുതാനും, ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ ആകർഷകമാക്കാനും വിദ്യാർത്ഥികൾ എ.ഐ ഉപയോഗിക്കുന്നു. ഇത് പരീക്ഷകളിൽ കോപ്പിയടിക്കാൻ വേണ്ടിയല്ല മറിച്ച് കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാനുള്ള എളുപ്പവഴിയായാണ് തങ്ങൾ കാണുന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കുന്നു.

    വിദ്യാർഥികൾക്കിടയിൽ എ.ഐ ഉപയോഗം വർധിച്ചതോടെ കോളേജുകളും സമ്മിശ്ര പ്രതികരണവുമായാണ് രംഗത്തെത്തുന്നത്. ചില കാമ്പസുകൾ എ.ഐ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുമ്പോൾ, മറ്റു ചിലർ വിദ്യാർഥികൾ സ്വന്തമായി ചിന്തിക്കാനുള്ള ശേഷി കുറയുമോ എന്ന ആശങ്കയിൽ ഇതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728