വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി'? പിന്നില്‍ ഒരു 30 കാരൻ!
_*ഡല്‍ഹി*: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വിചിത്രവും എന്നാല്‍ അതിശക്തവുമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നു; 'കോക്രോച്ച് ജനതാ പാർട്ടി' (Cockroach Janata Party)_
_ഭരണകൂടത്തോടും വ്യവസ്ഥിതിയോടും ഉള്ള ഇന്ത്യൻ യുവതലമുറയുടെ (Gen Z) കടുത്ത നിരാശയില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നുമാണ് ഈ പ്രസ്ഥാനം ഉടലെടുത്തത്. കേവലം നാലും അഞ്ചും ദിവസങ്ങള്‍ കൊണ്ട് ഇൻസ്റ്റാഗ്രാമില്‍ 33 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും വെബ്സൈറ്റില്‍ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത അംഗങ്ങളെയും നേടിക്കൊണ്ട് ഇന്റർനെറ്റ് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ 'പാറ്റകളുടെ കൂട്ടായ്മ'._
_അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പബ്ലിക് റിലേഷൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ 30-കാരൻ അഭിജീത് ദിപ്കെയാണ് ഈ വ്യത്യസ്തമായ ഡിജിറ്റല്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന് പിന്നില്‍._
_പ്രകോപനത്തിന് കാരണമായ ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന_
_തൊഴിലില്ലായ്മയും രാഷ്ട്രീയ അവഗണനയും നേരിടുന്ന ഇന്ത്യൻ യുവാക്കളെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഒരു പ്രസ്താവനയ്ക്കിടെ "പാറ്റകളോടും" (Cockroaches) "പരാദങ്ങളോടും" (Parasites) ഉപമിച്ചതാണ് ഈ വലിയ പൊട്ടിത്തെറിക്ക് കാരണമായത്. സമൂഹമാധ്യമങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന യുവതലമുറയെ ലക്ഷ്യം വച്ചായിരുന്നു ഈ പരാമർശം._
_ഇതിനെതിരെ വലിയ രീതിയിലുള്ള രോഷമാണ് ഓണ്‍ലൈനില്‍ ഉയർന്നത്. ഒരു സാധാരണ രാഷ്ട്രീയക്കാരൻ ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ പ്രതികരണമുണ്ടാകില്ലായിരുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ പറയുന്നു._
_നമ്മുടെ രാജ്യത്തെ ഭരണഘടനയുടെ കാവലാളും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ആളുമായ ചീഫ് ജസ്റ്റിസില്‍ നിന്ന് തന്നെ ഇത്തരമൊരു അധിക്ഷേപം ഉണ്ടായപ്പോഴാണ് ഇത് കൂടുതല്‍ വേദനാജനകമായത്. ഞങ്ങളെ പാറ്റകളെന്ന് വിളിച്ചെങ്കില്‍, അതേ പേരില്‍ തന്നെ ഒരു രാഷ്ട്രീയ ഐഡന്റിറ്റി ഉണ്ടാക്കി ഞങ്ങള്‍ പ്രതികരിക്കും." എന്ന് അഭിജീത് വ്യക്തമാക്കി._
_പിന്നീട് ചീഫ് ജസ്റ്റിസ് തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും അത് കൂടുതല്‍ അവഹേളനമായാണ് യുവത്വം വിലയിരുത്തുന്നത്. വ്യാജ ബിരുദമുള്ളവരെയാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം._ _എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഗ്രാമീണ യുവാക്കള്‍ക്ക് സാഹചര്യങ്ങള്‍ കൊണ്ട് ഔദ്യോഗിക ബിരുദങ്ങള്‍ നേടാൻ കഴിഞ്ഞിട്ടില്ലെന്നും, അവർക്ക് ജനാധിപത്യത്തില്‍ സംസാരിക്കാൻ അവകാശമില്ലേ എന്നും കോക്രോച്ച് പാർട്ടി ചോദിക്കുന്നു._
_ഇന്ത്യയുടെ Gen Z ഇവിടെയുണ്ട്'; അയല്‍രാജ്യങ്ങളിലെ വിപ്ലവങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലും_
_കഴിഞ്ഞ കുറച്ചുകാലമായി ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ വലിയ രീതിയിലുള്ള യുവജന പ്രസ്ഥാനങ്ങളും ഭരണമാറ്റങ്ങളും നടന്നിരുന്നു._ _അപ്പോഴെല്ലാം 'ഇന്ത്യയിലെ യുവാക്കള്‍ എവിടെ?' എന്ന തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു._ _എന്നാല്‍ മൂന്ന് ദിവസം കൊണ്ട് ലക്ഷക്കണക്കിന് യുവാക്കള്‍ ഒന്നിച്ച് അണിനിരന്നത് കാണുമ്പോള്‍ 'ഇന്ത്യയുടെ യുവത്വം ഇവിടെത്തന്നെയുണ്ട്' എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് അഭിജീത് ചൂണ്ടിക്കാണിക്കുന്നു._ _ഇതൊരു തരംഗമോ വെറുമൊരു ട്രെൻഡോ അല്ല, മറിച്ച് വർഷങ്ങളായി ഉള്ളില്‍ കിടക്കുന്ന കനലുകളുടെ ആളിക്കത്തലാണ്._
_അഞ്ച് ഇന വിപ്ലവകരമായ അജണ്ട_
_പരമ്പരാഗത രാഷ്ട്രീയ പാർട്ടികളില്‍ നിന്നും വ്യത്യസ്തമായി കടുത്ത ചില ആവശ്യങ്ങളാണ് കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ വെബ്സൈറ്റില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്:_
_വിരമിച്ച ശേഷമുള്ള പദവികള്‍ നിർത്തലാക്കുക:_ _ഇന്ത്യയിലെ ഒരു ചീഫ് ജസ്റ്റിസിനും വിരമിച്ച ശേഷം രാജ്യസഭാ സീറ്റോ മറ്റ് സർക്കാർ പദവികളോ അല്ലെങ്കില്‍ പ്രതിഫലങ്ങളോ നല്‍കാൻ പാടില്ല._
_തിരഞ്ഞെടുപ്പ് കമ്മീഷന് കർശന നിയമം:_ _ജനങ്ങളുടെ നിയമാനുസൃത വോട്ടുകള്‍ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അല്ലെങ്കില്‍ അതിന് ഒത്താശ ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ യുഎപിഎ (UAPA) പ്രകാരം അറസ്റ്റ് ചെയ്യണം._
_സ്ത്രീകള്‍ക്ക് 50% സംവരണം:_ _നിലവിലെ 33 ശതമാനത്തിന് പകരം പാർലമെന്റിലും എല്ലാ കാബിനറ്റ് പദവികളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കുക._
_മാധ്യമ കുത്തകകള്‍ അവസാനിപ്പിക്കുക:_ _കോർപ്പറേറ്റുകളായ അംബാനി, അദാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസുകള്‍ റദ്ദാക്കുക,_ _മാധ്യമങ്ങള്‍ക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്‍കുക._
_സ്ഥാപനങ്ങളുടെ നിഷ്പക്ഷത:_ _ജുഡീഷ്യറിയും മാധ്യമങ്ങളും ഭരണകക്ഷിയുടെ സഖ്യകക്ഷികളെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കുക._
_പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോട് 'നോ'_
_മുമ്പ് ആം ആദ്മി പാർട്ടിയുടെ (AAP) കമ്മ്യൂണിക്കേഷൻ വിഭാഗത്തില്‍ 2020 മുതല്‍ 2023 വരെ ജോലി ചെയ്തിരുന്ന ആളാണ് അഭിജീത് ദിപ്കെ. എന്നാല്‍ കോക്രോച്ച് ജനതാ പാർട്ടിയിലേക്ക് അരവിന്ദ്_ _കെജ്രിവാളിനെപ്പോലെയുള്ള മറ്റ് രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരിച്ചത്._ _ഇങ്ങനയാണ്.ഇന്ത്യയിലെ ഇന്നത്തെ തലമുറയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വാസമില്ല._ _പ്രതിപക്ഷമായാലും ഭരണപക്ഷമായാലും യുവാക്കളുടെ യഥാർത്ഥ പ്രശ്നങ്ങള്‍ ആരും ചർച്ച ചെയ്യുന്നില്ല. വർഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ ചർച്ചകള്‍ വെറും 'ഹിന്ദു-മുസ്ലീം' വിഷയങ്ങളില്‍ മാത്രമാണ് ഒതുങ്ങുന്നത്. അതേസമയം വിദേശരാജ്യങ്ങളില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI), സെമികണ്ടക്ടർ, പുനരുപയോഗ ഊർജ്ജം എന്നിവയെക്കുറിച്ചാണ് യുവാക്കള്‍ സംസാരിക്കുന്നത്._
_ഇന്ത്യയിലെ ഈ മോശം രാഷ്ട്രീയ വ്യവസ്ഥയുടെ ഇരയാണ് കഴിഞ്ഞ ദിവസം നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത 17 വയസ്സുകാരൻ. ഒരു കുട്ടി മരിച്ചിട്ടും ഇവിടുത്തെ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ല. പോർച്ചുഗലില്‍ ഒരു വിദേശ ടൂറിസ്റ്റ് മരിച്ചപ്പോള്‍ അവിടുത്തെ മന്ത്രി രാജിവെച്ച ചരിത്രമുണ്ട്. എന്നാല്‍ ഇവിടെ ഒരു കുട്ടിയുടെ ജീവന് ഒരു വിലയുമില്ലാത്ത അവസ്ഥയാണെന്ന് പാർട്ടി കുറ്റപ്പെടുത്തുന്നു._
_2029-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?_
_ഇതൊരു സോഷ്യല്‍ മീഡിയ ട്രെൻഡ് മാത്രമായി അവസാനിക്കില്ലെന്നും കൃത്യമായ തന്ത്രങ്ങളോടെ മുന്നോട്ട് പോകുമെന്നും അഭിജീത് പറയുന്നു._ _വരാനിരിക്കുന്ന 2029-ലെ പൊതുതിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കുമോ എന്ന് പറയാൻ ഇപ്പോള്‍ സമയമായിട്ടില്ല. പ്രസ്ഥാനം ആരംഭിച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. നിലവില്‍ ലക്ഷക്കണക്കിന് വരുന്ന അംഗങ്ങളുമായി ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുമാണ് മുൻഗണന നല്‍കുന്നത്._
_മറ്റ് രാഷ്ട്രീയ പാർട്ടികളില്‍ നിന്നുള്ള പല നേതാക്കളും പിന്തുണയുമായി സമീപിക്കുന്നുണ്ടെങ്കിലും മറ്റൊരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന് Gen Z ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ഇതൊരു സ്വതന്ത്ര പ്രസ്ഥാനമായി മുന്നോട്ട് പോകും. നിലവിലെ ഭരണസംവിധാനങ്ങള്‍ തങ്ങളുടെ പരാജയത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാമെന്നും, അതുകൊണ്ട് തന്നെ തിടുക്കപ്പെട്ട് യാതൊരു തീരുമാനവും എടുക്കില്ലെന്നും പൂർണ്ണമായ തന്ത്രങ്ങളോടെ രാജ്യത്തിന്റെ രാഷ്ട്രീയ ചർച്ചകളെ മാറ്റിയെഴുതാൻ ഈ 'പാറ്റകളുടെ കൂട്ടായ്മ'യ്ക്ക് കഴിയുമെന്നും അഭിജീത് ദിപ്കെ പ്രത്യാശ പ്രകടിപ്പിക്കുന്നു._
No comments