ഗള്‍ഫില്‍നിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി
തൃശൂർ: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി.
വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയില്‍ ഇലക്‌ട്രീഷ്യനാണ്. സംഭവവുമായി ബന്ധപ്പട്ട് സുഹൃത്തും അയല്‍വാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 4നാണ് രാജു ദുബായില്‍നിന്ന് എത്തിയത്. ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളില്‍ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നില്‍ ക്ലോക്ക് നിർമാണത്തിനുള്ള ചെറിയ പുരയിലായിരുന്നു സത്‌കാരം. ബുധനാഴ്ച രാത്രി നടന്ന സത്‌കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുപേർ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചേയാണ് അടി ഉണ്ടായത്.
മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്.
പ്രതി പോലീസിന് നേരേ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഇൻസ്പെക്ടർ കെ എൻ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് കീഴടക്കി സ്റ്റേഷനില്‍ എത്തിച്ചു. രാജുവിന്റെ ഭാര്യ: സിജി. മക്കള്‍: ഹേഭ, ഹെല്‍ന.
No comments