ആകാശസീമകള്‍ കീഴടക്കി മനുഷ്യൻ! ചന്ദ്രനെ വലംവെക്കാൻ ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു
54 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വിസ്മയകരമായ ചരിത്രം കുറിച്ച് നാസയുടെ ആർട്ടെമിസ് 2 (Artemis 2) ദൗത്യം വിജയകരമായി വിക്ഷേപിച്ചു.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39B-യില്‍ നിന്ന് ഇന്ത്യൻ സമയം ഇന്ന് (ഏപ്രില്‍ 2) പുലർച്ചെ 4.06-നായിരുന്നു ലോകം ഉറ്റുനോക്കിയ ഈ സുവർണ്ണ നിമിഷം അരങ്ങേറിയത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് ഒറയോണ്‍ (Orion) പേടകത്തെ നാല് യാത്രികർക്കൊപ്പം ചന്ദ്രനെ ലക്ഷ്യമാക്കി അയച്ചത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.ചരിത്രം കുറിക്കുന്ന യാത്രികർ
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബൃഹത്തായ പദ്ധതിയിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണിത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ദൗത്യത്തില്‍ ചന്ദ്രനെ നേരിട്ട് വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നതാണ് ലക്ഷ്യം. മിഷൻ കമാൻഡറായി റെയ്ഡ് വൈസ്മാനും പൈലറ്റായി വിക്ടർ ഗ്ലോവറും ദൗത്യത്തെ നയിക്കുന്നു. മിഷൻ സ്പെഷ്യലിസ്റ്റുകളായി ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരും ഒപ്പമുണ്ട്. ഈ യാത്രയിലൂടെ ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ലോകത്തിലെ ആദ്യ വനിതയായും, വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്ത വർഗ്ഗക്കാരനായും ചരിത്രത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. കൂടാതെ, ജെറെമി ഹാൻസൻ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ അമേരിക്കൻ ഇതര പൗരനുമാണ്.
No comments