തിരൂർ: വിവാഹത്തിന് പിന്നാലെ നവവധുവിന്റെ വീട്ടിലെ മണിയറയിൽ എം.ഡി.എം.എ (MDMA) ഒളിപ്പിച്ചുവെച്ച നവവരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാൻ (26) ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
തിരൂർ പൊറ്റിലാത്തറയിൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ആദ്യം എം.ഡി.എം.എ പിടികൂടി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നിന്റെ ബാക്കി ഭാഗം നിക്കാഹ് കഴിഞ്ഞ ഭാര്യവീട്ടിലെ മണിയറയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഷിബാൻ പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് പോലീസ് സംഘം ഭാര്യവീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
വീടിന്റെ മുകളിലത്തെ നിലയിലുള്ള മണിയറയോട് ചേർന്ന ബാത്ത്റൂമിലാണ് എം.ഡി.എം.എ ഒളിപ്പിച്ചു വെച്ചിരുന്നത്. കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി ആകെ 1.55 ഗ്രാം എം.ഡി.എം.എ ആണ് പോലീസ് പിടിച്ചെടുത്തത്. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരുന്ന ഷിബാൻ, ലഹരി വിൽപ്പനയിലും സജീവമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments