വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച സ്‌കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍
_*കുന്നംകുളം*: സ്‌കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച സ്‌കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍._
_വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറില്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രിൻസിപ്പല്‍ ഡോ. സജു വർഗീസിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്._
_സ്‌കൂളിലെ കുട്ടികള്‍ക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈല്‍ ഫോണ്‍ നല്‍കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ ഫോണിലെ റിസൈക്കിള്‍ ബിന്നില്‍ നിന്നും അവിചാരിതമായാണ് വിദ്യാർഥികള്‍ ഈ ചിത്രങ്ങള്‍ കണ്ടത്. തുടർന്ന് കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയും രക്ഷിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു._
_വിദ്യാർഥിനികളുടെ മാത്രമല്ല, അതേ സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളും ഇത്തരത്തില്‍ വികൃതമായി നിർമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു._ _കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു._
No comments