Header Ads

ad728
  • Breaking News

    ദേശീയപാതകളില്‍ ഇനി ടോള്‍ ബൂത്തുകളില്ല; നിയമം കര്‍ശനമാക്കി, പുതിയ മാര്‍ഗമിതാ




    ഡല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ യാത്ര സുഗമമാക്കുന്നതിനായി ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി ഫ്രീ ഫ്ലോ തടസ്സരഹിത ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
    ഇതിന്റെ ഭാഗമായി ടോള്‍ ചട്ടങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ടോള്‍ പ്ലാസകളിലെ കാത്തുനില്‍പ്പും ഗതാഗതക്കുരുക്കും ഒഴിവാക്കി സമയം ലാഭിക്കുക എന്നതാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള ഈ നീക്കത്തിന്റെ ലക്ഷ്യം.പുതിയ ഡിജിറ്റല്‍ എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിലൂടെ ടോള്‍ അടയ്ക്കാതെ പോകുന്ന വാഹനങ്ങളെ പിടികൂടാൻ കർശന നടപടികളാണ് ശുപാർശ ചെയ്തിരിക്കുന്നത്. ടോള്‍ അടയ്ക്കാതെ പോകുന്ന വാഹന ഉടമകള്‍ക്ക് എസ്‌എംഎസ്, ഇ-മെയില്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ വഴി ഉടൻ തന്നെ ഇ-നോട്ടീസ് ലഭിക്കും. ടോള്‍ കുടിശ്ശിക വരുത്തിയാല്‍ യഥാർത്ഥ ടോള്‍ തുകയുടെ രണ്ടിരട്ടി പിഴയായി നല്‍കേണ്ടി വരും.

    നോട്ടീസ് ലഭിച്ച്‌ 72 മണിക്കൂറിനുള്ളില്‍ തുക അടയ്ക്കുന്നവർക്ക് പിഴ ഒഴിവാക്കി യഥാർത്ഥ ടോള്‍ നിരക്ക് മാത്രം നല്‍കിയാല്‍ മതിയാകും. വാഹനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃത 'വാഹൻ' ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതോടെ കുടിശ്ശിക വരുത്തുന്നവരെ കണ്ടെത്തുന്നത് എളുപ്പമാകും.
    എന്താണ് 'ഫ്രീ ഫ്ലോ' സംവിധാനം?
    ദേശീയപാതകളില്‍ ബാരിക്കേഡുകളോ ടോള്‍ ബൂത്തുകളോ ഇല്ലാതെ തന്നെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടോള്‍ ഈടാക്കുന്ന രീതിയാണിത്. ഹൈ-സ്പീഡ് ഫാസ്‌ടാഗ് റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറകളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഫാസ്‌ടാഗില്‍ ബാലൻസ് ഇല്ലാത്തതോ സാങ്കേതിക തകരാറുകള്‍ മൂലമോ ടോള്‍ തുക കുറഞ്ഞില്ലെങ്കില്‍ അത് 'അണ്‍പെയ്ഡ് ടോള്‍' ആയി കണക്കാക്കും.
    നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728