രാജ്യത്ത് ആദ്യം! വമ്പൻ മാറ്റവുമായി കെഎസ്ഇബി; 1,30,000 ഉപഭോക്താക്കൾ പ്രീപെയ്ഡ് ബില്ലിംഗിലേക്ക്, മാറുന്നത് സർക്കാർ കണക്ഷനുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി സർക്കാർ കണക്ഷനുകളെ പ്രീപെയിഡ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായതായി കെഎസ്ഇബിയുടെ അറിയിപ്പ്. ഇതോടെ സംസ്ഥാന സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളാണ് പ്രീപെയിഡ് ബില്ലിംഗിലേക്ക് മാറുന്നത്. കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിലെ 'സ്മാർട്ട് മീറ്റർ ഓപ്പറേഷൻസ് സെന്റർ' കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ആദ്യഘട്ടത്തിൽ, ഏകദേശം 3 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. സർക്കാർ ഓഫീസുകൾക്ക് പുറമെ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ, സബ്സ്റ്റേഷൻ ഫീഡറുകൾ, ഹൈ-ടെൻഷൻ (HT) ഉപഭോക്താക്കൾ എന്നിവർക്കും സ്മാർട്ട് മീറ്ററുകൾ നൽകുന്നുണ്ട്. നിലവിൽ എല്ലാ ലോ-ടെൻഷൻ (LT) സർക്കാർ കണക്ഷനുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 1,72,697 കണക്ഷനുകൾ ഇതിനകം സ്മാർട്ട് മീറ്ററിലേക്ക് മാറി. മുഴുവൻ ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ച് നാഷണൽ ഫീഡർ മോണിറ്ററിങ്ങ് (NFMS) സിസ്റ്റവുമായി കൂട്ടിച്ചേർത്തുവെന്നും കെഎസ്ഇബി അറിയിച്ചു.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ പോസ്റ്റ്- പെയ്ഡ് രീതി തന്നെ തുടരും. എന്നാൽ, സ്മാർട്ട് മീറ്ററിൽ നിന്ന് ലഭിക്കുന്ന മീറ്റർ റീഡിങ്ങ് ഡേറ്റ ബില്ലിങ്ങിന് ഉപയോഗിക്കും. ആദ്യഘട്ട നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇവയും പ്രീപെയിഡിലേക്ക് മാറ്റുന്നതാണ്. സ്മാർട്ട് മീറ്റർ ഉപഭോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുമായി http://cportal.kseb.in എന്ന വെബ്പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 'KSEB Smart+' എന്ന മൊബൈൽ ആപ്ലിക്കേഷനും വൈകാതെ ലഭ്യമാകുമെന്നും അറിയിപ്പ്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ 'ടോട്ടക്സ്' (TOTEX) മാതൃക പിന്തുടർന്നപ്പോൾ, ഉപഭോക്താക്കളിൽ ഉയർന്ന നിരക്ക് അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കാൻ കേരളം സ്വന്തമായ ഒരു ബദൽ മാതൃക തയ്യാറാക്കിയിരുന്നു. 15% കേന്ദ്ര സഹായം ലഭിക്കുന്ന ടോട്ടക്സ് മാതൃകയേക്കാൾ കുറഞ്ഞ നിരക്കിൽ പദ്ധതി നടപ്പാക്കാൻ ഈ ബദൽ രീതിയിലൂടെ കേരളത്തിന് സാധിച്ചുവെന്നും കെഎസ്ഇബി. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 2026 ആഗസ്ത് മാസത്തോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇസ്ക്രാമെക്കോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ഈസ്യാ സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തിലെ സ്മാർട്ട് മീറ്റർ പദ്ധതിയുടെ കരാറുകാർ.
No comments