കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കുറിപ്പില്‍, ഡോ. സി.ജെ. റോയിയുടെ ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍
ബംഗളൂരു: ഇൻകം ടാക്സ് റെയ്ഡിനിടെ കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാന വിവരങ്ങളാണ് കണ്ടെത്തിയത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടതായും ഡയറിയില്‍ എഴുതിയിരിക്കുന്നു. താൻ പണം നല്‍കാനുള്ളവരുടെ വിവരങ്ങളും ഇനി കമ്പനിയെ എങ്ങനെ നയിക്കണം എന്നും കുറിപ്പിലുണ്ട്. കുറെ കാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.
റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് കർണാടക സിഐഡി അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണത്തിന്റെ നേതൃത്വം. റോയി തനിക്കൊപ്പമാണ് ഓഫീസില്‍ എത്തിയതെന്നും, ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നു എന്നും ടി.ജെ. ജോസഫ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റോയിയുടെ കുടുംബം ഉന്നയിച്ച ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളിയിരുന്നു. റോയ് മരിക്കുന്നതിന് മുൻപ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നാണ് കണ്ടെത്തല്‍. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകള്‍ പൂർത്തിയാക്കിയിരുന്നു.
സെന്‍ട്രല്‍ ബെംഗളുരുവിലെ റിച്ച്‌മണ്ട് സർക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് പെൻ്റഗണ്‍ കോർപ്പറേറ്റ് ഓഫീസില്‍ ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നതിനിടെയായിരുന്നു റോയി മരിച്ചത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ആ സമയം അതേ കെട്ടിടത്തില്‍ തന്നെയുള്ള സ്‌ലോവാക്യ കോണ്‍സുല്‍ ചേംബറിലേക്ക് പോയ റോയ് കൈവശമുണ്ടായിരുന്ന പിസ്റ്റലുപയോഗിച്ച് സ്വയം വെടിയുതിർക്കുകയാണ് ചെയ്തത്
No comments