Home
/
Kerala
/
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ഇന്ന് മുതല്‍ ഒപി ബഹിഷ്കരണം, ചികിത്സാ പ്രതിസന്ധി രൂക്ഷമായേക്കും
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ഇന്ന് മുതല്‍ ഒപി ബഹിഷ്കരണം, ചികിത്സാ പ്രതിസന്ധി രൂക്ഷമായേക്കും
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാർ ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കുന്നു.
മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. ഇതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.(Medical college doctors’ strike, OP boycott from today)
ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികള്‍ താഴെ പറയുന്ന രീതിയിലാണ്. ഇന്ന് ഒപി സേവനങ്ങളുടെ അനിശ്ചിതകാല ബഹിഷ്കരണം ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്കരിക്കും. ഫെബ്രുവരി 11 മുതല്‍ സർവകലാശാലാ പരീക്ഷാ ജോലികള്‍ ഉള്‍പ്പെടെയുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും.രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഇൻപേഷ്യന്റ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവ തടസ്സമില്ലാതെ തുടരുമെന്ന് സംഘടന അറിയിച്ചു. 2025 ജൂലൈ ഒന്നു മുതല്‍ വിവിധ ഘട്ടങ്ങളിലായി സമരം നടത്തിവരികയാണ് ഡോക്ടർമാർ.
ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, പ്രവേശന തസ്തികകളിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.
No comments