Header Ads

ad728
  • Breaking News

    അടിമുടി മാറ്റം; 5 ലക്ഷത്തിന് മുകളിലുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ, വസ്തു ഇടപാടു പരിധി 20 ലക്ഷം


    ന്യൂഡൽഹി:  5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുന്ന ആദായനികുതി നിയമത്തിന്റെ ഭാഗമായുള്ള കരടുചട്ടത്തിലാണ് വ്യവസ്ഥയുള്ളത്.

    നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. പുതിയ കരടുവ്യവസ്ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.

    വാഹനത്തിനു പുറമേ പല ഇടപാടുകൾക്കും പാൻ നൽകേണ്ടതിന്റെ പരിധി ഉയർത്തും. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പാനിനുള്ള പരിധി ഉയർത്തുന്നത്. മാർച്ച് ആദ്യവാരം അന്തിമവിജ്ഞാപനം ഇറക്കിയേക്കും. ആദായനികുതി നടപടിക്രമങ്ങൾ എളുപ്പമാകുന്നത് ലക്ഷ്യമിട്ടാണ് കരടു ഫോമുകളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത്.

    നിലവിൽ 511 ചട്ടങ്ങളും 399 ഫോമുകളുമുണ്ട്. പുതിയ നിയമത്തിന്റെ ഭാഗമായി ഇത് 333 ചട്ടങ്ങളും 190 ഫോമുകളുമായി ചുരുങ്ങും. 

    പുതിയ ചട്ടമനുസരിച്ച് ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമുകൾ ഇടപാട് വിവരം കൃത്യമായി ആദായനികുതി വകുപ്പിനെ അറിയിക്കണം.

    പാൻ: മാറ്റം ഇങ്ങനെ

    ∙ വസ്തു ഇടപാട്: 10 ലക്ഷം രൂപയായിരുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തും. ഫലത്തിൽ 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്ക് മാത്രമേ പാൻ നൽകേണ്ടതുള്ളൂ.

    ∙ ഹോട്ടൽ/റെസ്റ്ററന്റ് ബിൽ, കൺവൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാൾ ചെലവ്, ഇവന്റ് മാനേജ്മെന്റ്: 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി ഉയർത്തും.

    ∙ ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങൾ: നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനം.

    ∙ ഇൻഷുറൻസ്: അക്കൗണ്ട് തുടങ്ങുന്നതിന് ഇനി പാൻ നിർബന്ധം. നിലവിൽ ഒരു സാമ്പത്തികവർഷമാകെ 50,000 രൂപ പ്രീമിയമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയായിരുന്നു.

    മാറ്റമില്ലാത്തവ

    ∙ മ്യൂച്വൽ ഫണ്ട്: 50,000 രൂപയ്ക്കു മുകളിൽ
    ∙ റിസർവ് ബാങ്ക് ബോണ്ട്: 50,000 രൂപയ്ക്കു മുകളിൽ
    ∙ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുടെ വിൽപന: ഒരു ഇടപാടിന് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ
    ∙ കമ്പനി ബോണ്ടുകൾ/കടപ്പത്രം: 50,000 രൂപയ്ക്കു മുകളിൽ

    ∙ സഹകരണബാങ്കുകൾ, പോസ്റ്റ് ഓഫിസ്, നിധി, നോൺ ബാങ്കിങ് ധനകാര്യസ്ഥാപനങ്ങൾ എന്നിവയിലെ ടൈം ഡിപ്പോസിറ്റ് നിക്ഷേപങ്ങൾ: ഒരിടപാടിൽ 50,000 രൂപയ്ക്കു മുകളിൽ, അല്ലെങ്കിൽ ഒരു സാമ്പത്തികവർഷത്തിൽ ആകെ 5 ലക്ഷം രൂപയ്ക്കു മുകളിൽ.

    ∙ മറ്റ് വസ്തുക്കളുടെയും സേവനങ്ങളുടെയും ഇടപാട്: 2 ലക്ഷം രൂപയ്ക്കു മുകളിൽ

    എച്ച്ആർഎ ഇളവ്: 3 നഗരങ്ങൾക്കൂടി പട്ടികയിൽ

    വീട്ടുവാടക അലവൻസുമായി (എച്ച്ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയെയും ഉൾപ്പെടുത്തും. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങൾക്കും നിലവിൽ 40% വരെ മാത്രമാണ് ഇളവ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728