ഇന്ന് കൂടി പ്രവൃത്തി ദിനം; അതു കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും
ഡല്‍ഹി: തുടര്‍ച്ചയായ അവധിയും പണിമുടക്കും കാരണം ഇന്ന് കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും.
മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. മാസാവസാനത്തോട് അടുക്കുന്നതിനാല്‍ പ്രവൃത്തിദിനങ്ങളില്‍ ബാങ്കുകളില്‍ പതിവിലും കൂടുതല്‍ തിരക്കിനും സാധ്യതയുണ്ട്.
ഏതൊക്കെ ദിവസമാണ് അവധികള്‍
ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.
No comments