Header Ads

ad728
  • Breaking News

    ഒടുവില്‍ തീരുമാനം; ഇന്ത്യയില്‍ കളിക്കില്ല, ബംഗ്ലദേശ് ട്വന്റി-20 ലോകകപ്പില്‍നിന്ന് പുറത്ത്


    *ഒടുവില്‍ തീരുമാനം; ഇന്ത്യയില്‍ കളിക്കില്ല, ബംഗ്ലദേശ് ട്വന്റി-20 ലോകകപ്പില്‍നിന്ന് പുറത്ത്*

    ധാക്ക: ബംഗ്ലദേശ് ട്വന്റി-20 ലോകകപ്പ് കളിക്കില്ല. ടീമിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍നിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തരക്രിക്കറ്റ് കൗണ്‍സില്‍ ഇതു പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയിരുന്നു. തീരുമാനം അറിയിക്കാന്‍ ബംഗ്ലദേശിന് 24 മണിക്കൂര്‍ സമയവും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗ്ലദേശ് നിലപാടു പ്രഖ്യാപിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബംഗ്ലദേശ് താരങ്ങളെയും കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുലിനെയും ബിസിബി ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. ബംഗ്ലദേശിനു പകരം സ്‌കോട്ലന്‍ഡ് ലോകകപ്പിനു യോഗ്യത നേടും. റാങ്കിങ് പരിഗണിച്ചാണ് സ്‌കോട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നത്. മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ബംഗ്ലദേശ് ബോര്‍ഡ് ആരോപിച്ചെങ്കിലും പാകിസ്താന്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്.

    രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലും ഒറ്റപ്പെട്ടതോടെയാണ് മത്സരിക്കാനില്ലെന്ന് ബംഗ്ലദേശ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മാറിയിട്ടില്ലെന്ന് ആസിഫ് നസ്‌റുല്‍ പ്രതികരിച്ചു. ''ഞങ്ങളുടെ താരങ്ങള്‍ കഠിനാധ്വാനം ചെയ്താണ് ലോകകപ്പിനു യോഗ്യത നേടിയത്. ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് സുരക്ഷയില്‍ ആശങ്ക ഉന്നയിച്ചത്. ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.'' ''ബംഗ്ലദേശിന്റെ ആവശ്യം പരിഗണിച്ച് ഐസിസി നീതി നടപ്പാക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയില്‍ കളിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.'' ആസിഫ് നസ്‌റുല്‍ പറഞ്ഞു. ബംഗ്ലദേശിന് ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്‌ലാം ബുല്‍ബുലും പറഞ്ഞു. ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യം ലോകകപ്പിന് ഇല്ലെങ്കില്‍ അത് ഐസിസിയുടെ തോല്‍വിയാണെന്നും അമിനുല്‍ അവകാശപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728