Header Ads

ad728
  • Breaking News

    പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പ്രചാരണങ്ങൾ വേണ്ട ; റീൽസുകളും വാട്സ്ആപ്പും സൈബർ പരിശോധിക്കും





    തിരുവനന്തപുരം :- തദ്ദേശതിരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പ്രചാരണത്തിനു തടയിടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. സ്ഥാനാർഥികളും രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും സാമൂഹികമാധ്യമ പേജുകളിൽ നൽകുന്ന റീൽസുകളും വാട്സാപ്പ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും പരിശോധിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ നിർദേശം നൽകി.

    പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യുന്ന പാരഡിഗാനങ്ങൾ, വോയ്സ് ക്ലിപ്പുകൾ, വീഡിയോകൾ, ആനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗൺസ്മെന്റുകളിൽ ജാതി, മതം, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ പരാമർശിക്കുന്നത് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്. വ്യാജമായതോ അപകീർത്തികരമായതോ അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ പരാതി ലഭിച്ചാലോ നടപടിയുണ്ടാകും. 

    നിർമിതബുദ്ധി, ഡീപ്പ് ഫേക്ക്, വോയ്‌സ് ചെയ്‌ഞ്ചിങ് തുടങ്ങിയവ ഉപയോഗിച്ച് വ്യാജചിത്രങ്ങളും ശബ്ദസന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമിക്കുന്നതിനും പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനും എതിരേയും ശക്തമായ നടപടിയുണ്ടാവും. പാർട്ടികളുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജമായ ഉള്ളടക്കം കണ്ടെത്തിയാൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കും. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728