Header Ads

ad728
  • Breaking News

    ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ, തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് എത്ര പണം ചെലവാക്കാം? പരിധി നിശ്ചയിച്ച് കമ്മീഷൻ



    തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ പൊതുതെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾക്ക് ചെലവാക്കാവുന്ന പരമാവധി തുക നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പരമാവധി 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 75,000 രൂപ, ജില്ലാ പഞ്ചായത്ത് മത്സരത്തിൽ 1,50,000 രൂപ വരെയാണ് ചെലവാക്കാൻ അനുവദിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥികൾക്ക് 75,000 രൂപ, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപ വരെയും ചെലവിടാം.

    സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കുന്ന ഈ തുകകൾ ജില്ലതലത്തിലുള്ള ചെലവ് നിരീക്ഷകരുടെ മേൽനോട്ടത്തിലായിരിക്കും. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും സംബന്ധിച്ച ചെലവ് കണക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം. ഫലം പ്രഖ്യാപിച്ചതിന് ശേഷം 30 ദിവസത്തിനകം ഈ കണക്ക് നൽകണം. www.sec.kerala.gov.in –ലെ Election Expenditure Module വഴി ഓൺലൈൻ ആയി കണക്കുകൾ സമർപ്പിക്കാനും സൗകര്യമുണ്ട്.

    നാമനിർദ്ദേശം അംഗീകരിച്ച ദിവസം മുതൽ ഫലം പ്രസിദ്ധീകരിക്കുന്ന ദിവസംവരെ ചെലവഴിച്ച മുഴുവൻ തുകയും കണക്കിൽ ഉൾപ്പെടുത്തണം. ചെലവിനൊപ്പം രസീത്, ബില്ല്, വൗച്ചർ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അതോടൊപ്പം സമർപ്പിക്കണം. ഒറിജിനൽ രേഖകൾ സ്ഥാനാർത്ഥി കൈവശം സൂക്ഷിക്കണം. ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കായി സമർപ്പിക്കേണ്ടതുമുണ്ട്.

    ചെലവുകണക്ക് സമയത്ത് സമർപ്പിക്കാതിരുന്നാലോ, നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലോ, തെറ്റായ വിവരങ്ങൾ നൽകിയതായി തെളിഞ്ഞാലോ കമ്മീഷൻ അഞ്ച് വർഷത്തേക്ക് മത്സരിക്കുന്നതിനും അംഗമായി തുടരുന്നതിനും വിലക്ക് ഏർപ്പെടുത്തും. ഉത്തരവിന്റെ തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത ബാധകം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728