വിധവയുടെ പുനര്‍വിവാഹം വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരമുള്ള ആശ്രിത നിയമനത്തിന് തടസമല്ല: ഹൈക്കോടതി
*കൊച്ചി* : വിധവയുടെ പുനര്‍വിവാഹം കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരമുള്ള ആശ്രിത നിയമനത്തിന് തടസമല്ലെന്ന് ഹൈക്കോടതി.
കാസര്‍കോട്ടെ എയ്ഡഡ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റായിരുന്ന ഒരാള്‍ 2017ല്‍ മരിച്ചിരുന്നു. ആശ്രിത നിയമനത്തിന് വിധവ അപേക്ഷ നല്‍കി. എന്നാല്‍, 2024ല്‍ മാത്രമാണ് സ്‌കൂളില്‍ തസ്തിക ഒഴിവ് വന്നത്. ആ സമയത്ത് വിധവ പുനര്‍വിവാഹം ചെയ്തിരുന്നു.
അതുചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജര്‍ അപേക്ഷ തള്ളി. പുനര്‍വിവാഹം ചെയ്തവര്‍ക്ക് ആശ്രിത നിയമനം നല്‍കരുതെന്ന 2023ലെ സര്‍ക്കാര്‍ ഉത്തരവും മാനേജര്‍ ചൂണ്ടിക്കാട്ടി. ഇതിനെ ചോദ്യം ചെയ്ത് മുന്‍ വിധവ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2023ലെ സര്‍ക്കാര്‍ ഉത്തരവ് എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹരജിക്കാരിയെ നിലവിലെ തസ്തികയിലോ പുതിയ തസ്തികയില്‍ ഒഴിവു വന്നാല്‍ അതിലോ നിയമിക്കാനും കോടതി ഉത്തരവിട്ടു.
No comments