Header Ads

ad728
  • Breaking News

    അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ, കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്

    ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൃത്യത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് സംശയം. കൊലപാതകം നടന്ന സമയത്ത് ഉമറും ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

    പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥി അഭിറാമിനെയല്ല കൊലപ്പെടുത്താൻ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17 കാരൻ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു. അഭിറാമുമായി വാക്കു തർക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17 കാരൻ്റെ നിർണായക വെളിപ്പെടുത്തൽ. നിലവിൽ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ 17 കാരൻ ആണ് കേസിലെ പ്രധാന പ്രതി. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി . മൃതദേഹത്തിന്റെ ഇൻക്വസ്റ്റ്/ ഫോറെൻസിക് പരിശോധനകളും പൂർത്തിയായിട്ടുണ്ട് .

    പുലർച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണ്. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ ഉമറിനെതിരെ മോഷണം, ലഹരി കടത്ത് , അടിപിടി കേസുകളും നിലവിലുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728