മതിലുകൾകടന്ന് ലഹരിമരുന്നുകൾ; സെൻട്രൽ ജയിലിനുള്ളിലേക്കു ലഹരി കടത്തുന്നത് പതിവാകുന്നു
സെൻട്രൽ ജയിലിനുള്ളിലേക്കു ലഹരി കടത്തുന്നത് അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട് അധികൃതർ. കഴിഞ്ഞ ഡിസംബറിൽ സെൻട്രൽ ജയിലിലെ ആശുപത്രിയുടെ മതിലിനു പിന്നിൽനിന്ന് 3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റും പിടികൂടിയിരുന്നു. ജയിലിനുള്ളിലേക്കു കഞ്ചാവ്, ബീഡി, മൊബൈൽ ഫോൺ തുടങ്ങിയവ കടത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ലഹരി കടത്തുന്നതു തടയുന്നതിനു പ്രത്യേക നിർദേശവും അന്നു നൽകി. സംഭവത്തിന് ഒരു വർഷം തികയും മുൻപേ ഒരാഴ്ചയ്ക്കിടെ രണ്ടു സംഭവങ്ങളാണു വീണ്ടുമുണ്ടായത്
രണ്ടു ദിവസം മുൻപ് സെൻട്രൽ ജയിലിലെ തടവുകാരനിൽനിന്നു ലഹരിവസ്തു കണ്ടെടുത്തിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ തടവുകാരനായ സിദ്ദിഖിനെതിരെ (53) ടൗൺ പൊലീസ് കേസെടുത്തു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ ലഹരിവസ്തു എന്നു സംശയിക്കുന്ന ഓയിൽ അടങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ജയിൽ ഗേറ്റിൽ ഉദ്യോഗസ്ഥർ നടത്തിയ ദേഹപരിശോധനയിലാണ് ഇയാളിൽനിന്ന് ഇതു പിടികൂടിയത്
കഴിഞ്ഞദിവസം ലഹരി ഓയിൽ ബോട്ടിലും മൊബൈൽ ഫോണും കണ്ടെടുത്തു. ടവർ പരിസരത്തു തടവുകാരൻ റഫീഖിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ഹഷീഷ് ഓയിൽ ബോട്ടിൽ കണ്ടെടുത്തത്. സിം അടങ്ങിയ മൊബൈൽ ഫോൺ, ബാറ്ററി, ഡേറ്റ കേബിൾ എന്നിവയും പിടികൂടിയിട്ടുണ്ട്. ആറാം ബ്ലോക്കിൽ കെട്ടിടത്തിന്റെ പിറകിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ജയിലിനുള്ളിൽ തടവുപുള്ളികൾ മൊബൈൽ ഉപയോഗിക്കുന്നതും വർധിച്ചിട്ടുണ്ട്. തടവുപുള്ളികൾ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുന്നത് പതിവായിട്ടുണ്ട്
No comments