രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; ഔദ്യോഗിക പ്രഖ്യാപനം നാളെ
കല്‍പ്പറ്റ: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്. വെള്ളിയാഴ്ച (നവംബർ 27) വൈകിട്ട് നാലിന് കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി.
സതീശൻ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കൃഷി മന്ത്രി ടി. സിദ്ധിഖ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്ത് ചില മാതൃകാ ഗ്രാമങ്ങള്‍ ഇ-മാലിന്യമുക്ത പദവി നേടിയിട്ടുണ്ടെങ്കിലും ഒരു ജില്ല മുഴുവനായി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ മൂന്ന് മാസമായി ജില്ലയില്‍ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടം. വീടുകള്‍, സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടന്ന 97.26 ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങളാണ് ശുചിത്വ മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും ഏകോപിത ശ്രമങ്ങളിലൂടെ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറിയത്. ഹരിത കർമ്മസേന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ദൗത്യം വിജയത്തിലെത്തിച്ചത്.
No comments