ലോണെടുത്തവര്‍ക്ക് പണി വരുന്നു, കൈയില്‍ നിന്ന് കൂടുതല്‍ പണം പോകും
കൊച്ചി: ബാങ്കുകളില്‍ നിന്ന് വിവിധ വായ്പകള്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ പ്രതിമാസ തിരിച്ചടവ് തുകയില്‍ (ഇ.എം.ഐ) അധിക ഭാരം വന്നേക്കും.ക്രൂഡ് വിലയിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും സൃഷ്‌ടിക്കുന്ന നാണയപ്പെരുപ്പ സമ്മർദ്ദം നേരിടാൻ റിസർവ് ബാങ്ക് അടുത്ത വാരം റിപ്പോ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയാണ് വായ്പയെടുത്തവരെ ആശങ്കയിലാക്കുന്നത്. ഒക്ടോബർ അഞ്ച് മുതല്‍ ഏഴ് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം ഉയർത്തി 5.5 ശതമാനമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരില്‍ ഭൂരിഭാഗവും വിലയിരുത്തുന്നത്. നിലവില്‍ റിപ്പോ 5.25 ശതമാനമാണ്. ഇതോടെ റിപ്പോയുമായി ബന്ധിപ്പിച്ച ഫ്ളോട്ടിംഗ് നിരക്കിലുള്ള ഭവന, വാഹന. വ്യക്തിഗത, കാർഷിക, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരം ഉയരാൻ സാദ്ധ്യതയുണ്ട്. വായ്പയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കുകള്‍ ഇ.എം.ഐ തുക ഉയർത്തുകയോ തിരിച്ചടവ് കാലാവധി കൂട്ടുകയോ ചെയ്യാം.വിപണിയിലെ ഉയർന്ന പണലഭ്യതയും കേന്ദ്ര ബാങ്കുകള്‍ പലിശ ഉയർത്തുന്നതും കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വർഷം റിപ്പോ നിരക്കില്‍ അര ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് എസ്.ബി.ഐ റിസർച്ച് അടക്കമുള്ള സ്ഥാപനങ്ങള്‍ പറയുന്നു."
No comments