പറക്കുന്നതിനിടെ വിമാനത്തിലെ ക്രൂവിന് ആരോഗ്യ പ്രശ്നം; ഇൻഡിഗോ വിമാനം അടിയന്തരമായി മസ്‌കറ്റിൽ ഇറക്കി
മസ്‌കറ്റ്: ഖത്തറിലെ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. വിമാന ജീവനക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ഉടൻ തന്നെ ജീവനക്കാരന് എയർപോർട്ട് മെഡിക്കൽ സംഘം വിദഗ്ദ്ധ പരിചരണം ലഭ്യമാക്കി. ഇദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയതായി ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യാത്രക്കാരുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ ഇൻഡിഗോ പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ഉടനടി ഏർപ്പാടാക്കി. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി ബെംഗളൂരുവിൽ എത്തിച്ചു. മസ്‌കറ്റ് വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങളും സർവീസിനെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
No comments