Header Ads

ad728
  • Breaking News

    പ്രളയഭൂമിയിലെ “ഷീറോ” : ആറ് ദിവസത്തിനുള്ളിൽ നൂറ് രക്ഷാദൗത്യം, നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി


    ദുർഘടമേഖലകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷകയായി എത്തുകയാണ് നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റനായ പ്രിയ അധികാരി. നേപ്പാളിലെ ദുരന്തഭൂമിയിൽ പ്രതീക്ഷയുടെ ചിറകുമായാണ് ക്യാപ്റ്റൻ പ്രിയ പറന്നിറങ്ങുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ ആറ് ദിവസത്തിനിടെ ഏകദേശം 100 രക്ഷാദൗത്യങ്ങളാണ് ഈ നാൽപത്തിയൊന്നുകാരിയുടെ നേതൃത്വത്തിൽ നടത്തിയത്.

    നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ മിന്നൽ പ്രളയവും മണ്ണിടിച്ചിലും നിരവധി പ്രദേശങ്ങളെയാണ് ഒറ്റപ്പെടുത്തിയത്. ആയിരത്തിലധികം പേർ മരണപ്പെടുകയും നാലായിരത്തോളം ആളുകളെ കാണാതാവുകയും ചെയ്തു. റോഡുകളും പാലങ്ങളും തകർന്നതോടെ ഹെലികോപ്റ്റർ മാർഗമാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോ​ഗപ്പെടുത്തുന്നത്.

    ഉയർന്ന പ്രദേശങ്ങളിലെ രക്ഷാദൗത്യങ്ങളിൽ പരിചയസമ്പന്നയായ പൈലറ്റാണ് പ്രിയ അധികാരി. കടുത്ത മഞ്ഞും കാറ്റും ഉൾപ്പെടെ അവ​ഗണിച്ചാണ് അപകടകരമായ ഭൂപ്രദേശങ്ങളിലൂടെ അനായാസം കോപ്റ്റർ പറത്തി, പ്രിയ രക്ഷാദൗത്യം തുടരുന്നത്. റാസുവ ജില്ലയിലെ പ്രളയബാധിതമായ ടിമുറെ ഉൾപ്പെടെയുള്ള ഹിമാലയൻ മേഖലകളിൽ പ്രിയ നടത്തിയത് ധീരമായ രക്ഷാപ്രവർത്തനമായിരുന്നു. ഇരുപതോളം ഹെലികോപ്റ്ററുകളടങ്ങുന്ന സംഘത്തോടൊപ്പം ചേർന്നാണ് അവർ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.

    “ഹെലികോപ്റ്റർ കാണുമ്പോൾ അതിജീവിച്ച മനുഷ്യർ പ്രതീക്ഷയോടെ ഞങ്ങളെ കൈവീശിക്കാണിക്കും. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു, തിരിച്ച് അഭിവാദ്യം ചെയ്തു. ഓരോ തവണ കൈവീശുമ്പോഴും അവരോട് എനിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്: നിങ്ങളെ ജീവനോടെ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ചിലപ്പോൾ, വലിയ ദുരന്തങ്ങൾക്കിടയിലും, ഒരാൾ അതിജീവിച്ചു എന്ന് കാണുന്നത് മാത്രം മതിയാകും നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ.” – പ്രിയ അധികാരി പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728