Header Ads

ad728
  • Breaking News

    ഗ്യാസ് ക്ഷാമം തീർന്നു; ഹോട്ടലുകളിൽ ഭക്ഷണവില കുറച്ചില്ല

     *കണ്ണൂർ* : പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ച ഭക്ഷണവില, ഗ്യാസ് വിതരണം സാധാരണ നിലയിലായിട്ടും ഹോട്ടലുകൾ കുറച്ചില്ലെന്ന് പരാതി. മൂന്നുമാസം മുമ്പ് അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പാചകവാതക പ്രതിസന്ധി ഉണ്ടായത്.

    അഞ്ച് മുതൽ 25 രൂപ വരെയാണ് വിവിധ ഭക്ഷണങ്ങൾക്ക് വില വർധിപ്പിച്ചത്. ചായയ്ക്കും എണ്ണക്കടികൾക്കും പല ഹോട്ടലുകളിലും 15–20 രൂപയാണ് നിരക്ക്. 120 രൂപയായിരുന്ന സദ്യയ്ക്ക് 140 രൂപയും 60 രൂപയുടെ ഊണിന് 80 രൂപയും ഈടാക്കുന്നതായി പറയുന്നു. ബിരിയാണി, മന്തി, ഇറച്ചി, മീൻ വിഭവങ്ങൾക്കും ഉയർന്ന നിരക്കാണ്.

    വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞപ്പോൾ കരിഞ്ചന്തയിൽ 5,000 രൂപയോളം നൽകിയാണ് പല വ്യാപാരികളും സിലിണ്ടർ വാങ്ങിയിരുന്നത്. നിലവിൽ ഗ്യാസ് ലഭ്യത മെച്ചപ്പെട്ടിട്ടും ഭക്ഷണവില കുറയാത്തതിൽ ഉപഭോക്താക്കൾ പ്രതിഷേധത്തിലാണ്.

    അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, കെട്ടിട വാടക, തൊഴിലാളിക്ഷാമം, കൂലി വർധന എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുടമകൾ ഉയർന്ന നിരക്ക് ന്യായീകരിക്കുന്നത്. ഭക്ഷണവില കുറയ്ക്കാൻ അധികൃതർ ഇടപെടണമെന്നും ഹോട്ടലുകളിൽ കൃത്യമായ വിലവിവരപ്പട്ടിക ഉറപ്പാക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു.
     *വില കുറയ്ക്കാൻ നിർവാഹമില്ലെന്ന് അസോസിയേഷൻ* 

    സിലിണ്ടർ ക്ഷാമം മാറിയെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കേന്ദ്ര സർക്കാർ വരുത്തിയ കുറവ് നാമമാത്രമാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 3,150 രൂപയാണ് നിലവിലെ വില.

    തേങ്ങ, വെളിച്ചെണ്ണ, ഉള്ളി തുടങ്ങിയവയുടെ വിലവർധനയും കെട്ടിട വാടകയും തൊഴിലാളിക്ഷാമവും ഹോട്ടൽ മേഖലയെ ബാധിക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി. തൊഴിലാളികളുടെ കൂലി വർധനയും അധിക ചെലവുകളും ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വർധിച്ച ചെലവും നഷ്ടവും കാരണം പല സ്ഥലങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728