വിരമിക്കല്‍ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; 'ഇതെന്റെ ഫുട്‌ബോളിലെ അവസാന വര്‍ഷം'
റിയാദ്: ഈ സീസണിന് ശേഷം ഫുട്ബാളില്‍ നിന്ന് വിരമിക്കുമെന്ന് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026-27 സീസണ്‍ ചിലപ്പോള്‍ ഫുട്‌ബോളിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞു. ഭാര്യ ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് 41 കാരനായ താരം വെളിപ്പെടുത്തിയത്.
'ഇത് എന്റെ ഫുട്‌ബോളിലെ അവസാന വര്‍ഷമായിരിക്കാം, മഹത്തായ ഒരു പാരമ്പര്യം ഇവിടെ അവശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' വോഗിന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു.'എന്റെ ഭാവി മുഴുവന്‍ ഞാന്‍ ഇപ്പോഴേ നിശ്ചയിച്ചിട്ടുണ്ട്. എന്നെ തിരക്കിലാക്കാന്‍ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്, ഒരു കാര്യം മാത്രം പറയാന്‍ പ്രയാസമാണ്. ഫുട്‌ബോള്‍ ഒരു വലിയ വിടവ് ഉണ്ടാക്കിയേക്കാം, അപ്പോഴും എനിക്ക് കുടുംബവും മറ്റ് പലതുമുണ്ട്. റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
1,000 പ്രൊഫഷണല്‍ ഗോളുകള്‍ എന്ന നാഴികക്കല്ലിലേക്ക് തൊട്ടടുത്താണ് ഇപ്പോള്‍ റോണോ. നിലവില്‍ 976 ഗോളുകള്‍ നേടിയിട്ടുണ്ട്. റൊണാള്‍ഡോ നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസ്‌റിന് വേണ്ടിയാണ് കളിക്കുന്നത്. 2026 ലോകകപ്പില്‍ താരം കളിച്ചിരുന്നുവെങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്. രണ്ട് ഗോളുകളാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്.
No comments