നേപ്പാൾ പ്രളയം: മരണം 584 ആയി; 1,924 പേരെ കാണാതായി; കാണാതായ എട്ട് മലയാളികളിൽ ഒരാൾ കണ്ണൂർ സ്വദേശി
നേപ്പാളിലെ പ്രളയത്തിൽ മരണം 584 ആയി. 1,924 പേരെ കാണാതായതായി നേപ്പാളിലെ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനുമായി വിദേശ സഹായം സ്വീകരിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു.
ദുരന്തത്തിൽ അകപ്പെട്ട 84 ഇന്ത്യക്കാർ ഉൾപ്പെടെ 121 വിദേശ സഞ്ചാരികളെ ഇതുവരെ നേപ്പാൾ സൈന്യത്തിന് രക്ഷപ്പെടുത്താനായി.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നു. നേപ്പാളിലെ ടിമൂരെ ഗ്രാമം ചെളിയും പാറക്കൂട്ടങ്ങളും വെള്ളവും കൊണ്ട് പൂർണമായും മൂടപ്പെട്ട നിലയിലാണ്. നേരത്തെ കെട്ടിടങ്ങൾ നിറഞ്ഞുനിന്നിരുന്ന നദീതീരത്ത് ഇപ്പോൾ വിരലിലെണ്ണാവുന്ന കെട്ടിടങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രസുവഗധി ജലവൈദ്യുത പദ്ധതിയുടെ അവശിഷ്ടങ്ങൾ പോലും ഉപഗ്രഹചിത്രങ്ങളിൽ കാണാനില്ല.
13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായതായി ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേപ്പാൾ അറിയിച്ചു. റസുവ, നുവാകോട്ട് മേഖലകളിലാണ് ഇവരെ കാണാതായത്.
അപ്പർ ത്രിശൂലി-1 പദ്ധതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ദുരന്തമുണ്ടാകുമ്പോൾ ഇവിടെ ഏകദേശം 1,350 പേർ ജോലി ചെയ്തിരുന്നു. ഇതിൽ 576 പേരെയാണ് കാണാതായിരിക്കുന്നത്. പ്രോജക്ട് സൈറ്റുകളിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്.
അതേസമയം, നേപ്പാൾ ദുരന്തത്തിൽ കാണാതായ എട്ട് മലയാളികളുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ലെന്ന് നോർക്ക അറിയിച്ചു. നാല് കേരളീയരും ഓസ്ട്രേലിയൻ പൗരത്വമുള്ള നാല് മലയാളികളുമാണ് കണ്ടെത്താനുള്ളത്.
കാണാതായവരിൽ മൂന്ന് പേർ എറണാകുളം, കൊല്ലം, കണ്ണൂർ സ്വദേശികളാണെന്നും ഒരാൾ യുഎസ് വിസയുള്ള കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും നോർക്ക അറിയിച്ചു. ഇവരെ സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
No comments