മെസിയുടെ കേരള സന്ദര്‍ശന വിവാദം: സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് രേഖകളില്ലാതെ 206 കോടി എത്തിയതായി ജിഎസ്ടി- എസ്ഐടി കണ്ടെത്തല്‍
തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവില്‍ നടന്ന വിവാദത്തിലും സാമ്പത്തിക ഇടപാടുകളിലും നിര്‍ണായക വഴിതിരിവ്. മെസിയുടെ വരവിന്റെ പേരില്‍ സ്‌പോണ്‍സര്‍ വന്‍തോതില്‍ പണസമാഹരണം നടത്തിയതായി ജിഎസ്ടി വകുപ്പും പ്രത്യേക അന്വേഷണ സംഘവും കണ്ടെത്തി.
പുറത്തുനിന്നുള്ള രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് 206 കോടിയോളം രൂപ എത്തിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ ഈ ഭീമമായ തുക സ്‌പോണ്‍സറുടേതല്ലെന്നും, ഇത് വായ്പയായി ലഭിച്ചതാണെന്ന് സമര്‍ഥിക്കാനുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളോ നികുതി വിവരങ്ങളോ ലഭ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മെസ്സിയെ കൊണ്ടുവരാന്‍ സ്വന്തം പണമാണ് ചെലവഴിച്ചത് എന്നാണ് സ്‌പോണ്‍സര്‍ വാദിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് അക്കൗണ്ട് വിവരങ്ങള്‍.
അക്കൗണ്ടിലേക്ക് പണം എത്തിയ ഉടന്‍ തന്നെ ഇത് മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തില്‍ വകമാറ്റി കൈമാറ്റം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അടിമുടി ദുരൂഹത നിറഞ്ഞ ഈ പണമിടപാടില്‍ ഫെമ (FEMA) നിയമങ്ങള്‍ ഉള്‍പ്പെടെ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സ്‌പോണ്‍സറുടെ അക്കൗണ്ട് കേവലം ഒരു ഇടനില അക്കൗണ്ടായിട്ടാണോ പ്രവര്‍ത്തിച്ചതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് കണ്ടെത്തലുകളും ഉള്‍പ്പെടുത്തി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സികളുടെ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്
സംസ്ഥാനത്ത് ജിഎസ്ടി വെട്ടിപ്പും നികുതി വരുമാന ചോര്‍ച്ചയും കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ആണ് മെസി വിവാദത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫിസില്‍ ലഭിച്ച പരാതികള്‍ക്കും മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും പിന്നാലെയാണ് സംസ്ഥാനത്തെ ജിഎസ്ടി വെട്ടിപ്പും നികുതി ചോര്‍ച്ചയും കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വന്‍തോതിലുള്ള നികുതി വെട്ടിപ്പ് കണ്ടെത്തുക, പണമിടപാടുകളുടെ ഉറവിടവും പണമൊഴുക്കും പരിശോധിക്കുക, നികുതി വെട്ടിപ്പിന് പിന്നിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി നടപടി സ്വീകരിക്കുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ചുമതല
No comments