വാഹന പരിശോധനക്കിടെ പോലീസുകാരനെ അപായപ്പെടുത്താൻ ശ്രമം
▪️കാസർകോട്: വാഹനപരിശോധനക്കിടെ പോലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.എ ആർ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിനാണ് (38) കുത്തേറ്റത്.
സംഭവത്തിൽ നരഹത്യാശ്രമത്തിനു ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ്വാൻ,അമീർ, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒന്നര മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സംഭവം.കൺട്രോൾ റൂം എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു.ഇതിനിടയിൽ കറന്തക്കാട് ഭാഗത്ത് നിന്ന് ഹെൽമറ്റ് ധരിക്കാതെ ഒരു ബൈക്കിൽ എത്തിയ
മൂന്നംഗ സംഘത്തെ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാർ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടയിൽ പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായപ്പോൾ സന്ദീപ് തടയാൻ ശ്രമിച്ചു. ഈ സമയത്ത് ബൈക്ക് യാത്രക്കാരിൽ ഒരാൾ കത്തിയെടുത്ത് കഴുത്തിനു കുത്താൻ ശ്രമിക്കുകയായിരുന്നു.കുത്ത് തടയുന്നതിനിടയിലാണ് സന്ദീപിന്റെ വലതു കൈവെള്ളയിൽ മുറിവേറ്റത്.ഇതിനിടയിൽ കൂടുതൽ പോലീസെത്തിയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.
No comments