കാസർകോട് തീരത്ത് തലയില്ലാത്ത മൃതദേഹം; നേരത്തെ പോസ്റ്റ്‌മോർട്ടം നടത്തിയ ശരീരമെന്ന് കണ്ടെത്തൽ
*കാസർകോട്* : നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരം പുറത്തുവന്നു. മൃതദേഹം നേരത്തെ മറ്റൊരിടത്ത് പോസ്റ്റ്‌മോർട്ടം നടത്തിയതാണെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികളാണ് കടലിൽ ഒഴുകിയെത്തിയ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് കാസർകോട് കോസ്റ്റൽ പൊലീസും ടൗൺ പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മൃതദേഹത്തിന്റെ നെഞ്ചിലെയും വയറിലെയും മുറിവുകൾ മുൻപ് നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചത്. ഈ പോസ്റ്റ്‌മോർട്ടം കേരളത്തിന് പുറത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ നടന്നതാകാമെന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയും കൈപ്പത്തികളും വേർപെട്ട നിലയിലായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗമായി ഡിഎൻഎ പരിശോധന നടത്താനും സമീപ സംസ്ഥാനങ്ങളിലെ കാണാതായവരുടെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അന്വേഷണം തുടരാനുമാണ് പൊലീസ് തീരുമാനം.
No comments