ജീവപര്യന്തം തടവുശിക്ഷ എന്നാല്‍ തടവുകാരന്റെ മരണം വരെയുള്ള കാലയളവ് തന്നെ; സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ഉത്തരവ്
_ന്യൂല്‍ഹി: ജീവപര്യന്തം തടവുശിക്ഷ എന്നാല്‍ തടവുകാരന്റെ മരണം വരെയുള്ള കാലയളവാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി._
_വധശിക്ഷയ്ക്ക് പകരമായി മരണം വരെയുള്ള തടവുശിക്ഷ നല്‍കുന്നത് ഭരണഘടനാനുസൃതമാണെന്നും കോടതി നിരീക്ഷിച്ചു._
_ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം പൂർണ്ണമായും നിയമപരവും ഭരണഘടനാപരവുമാണെന്ന് കോടതി വ്യക്തമാക്കി._
_‘ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ’ എന്നാണ് വിചാരണ കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധിയെങ്കില്‍, കുറ്റവാളി ജീവിതാവസാനം വരെ തടവ് അനുഭവിക്കേണ്ടതാണ്. ഇത്തരം പ്രത്യേക ഉത്തരവുകളുള്ള ശിക്ഷകളില്‍ സർക്കാരിന്റെ ഇളവുകള്‍ ബാധകമല്ല. എന്നാല്‍ കോടതിയുടെ വിധിയില്‍ ഇളവുകളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കില്‍ ശിക്ഷാ ഇളവുകളില്‍ സർക്കാരിന് നിയമപരമായി ഇടപെടാമെന്നും കോടതി കൂട്ടിച്ചേർത്തു. ജീവപര്യന്തം തടവുകാർ സമർപ്പിച്ച ഹർജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഈ നിർണ്ണായക വ്യാഖ്യാനം നല്‍കിയത്._
No comments