നവീകരണം ‘പൊളിഞ്ഞു’; മാക്കൂട്ടം ചുരംപാത വീണ്ടും തകർന്നു: 5.9 കിലോമീറ്റർ ദൂരം നവീകരിച്ചത് 11.75 കോടി രൂപ ചെലവിൽ
ഇരിട്ടി ∙ കോടികൾ ചെലവഴിച്ച് നവീകരിച്ച മാക്കൂട്ടം – പെരുമ്പാടി ചുരം പാത വീണ്ടും തകർന്നു. 11.75 കോടി രൂപ ചെലവിൽ 3 റീച്ചുകളിലായി നവീകരിച്ച ഭാഗങ്ങളിൽ 1.100 കിലോമീറ്റർ ദൂരം പൂർണമായും പൊളിഞ്ഞു പഴയതിലും മോശം അവസ്ഥയിലാണ്. റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ കാരണം വാഹനങ്ങൾക്ക് കയറ്റിറക്കം പോലും ദുഷ്കരമായിരിക്കുകയാണ്. വാഹനാപകടങ്ങളും വാഹനങ്ങൾക്ക് കേടുപാടുകളും പതിവായി. വലിയ തോതിൽ ടാറിങ് പൊളിഞ്ഞ മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപം ഏറ്റവും വലിയ അപകടഭീഷണിയാണ് നിലനിൽക്കുന്നത്.
പെരുമ്പാടിയിൽ നിന്ന് കേരള അതിർത്തിയിലേക്കുള്ള 5.9 കിലോമീറ്റർ ദൂരം 3 റീച്ചുകളിലായി നവീകരിക്കുന്ന പ്രവൃത്തികളാണു അടുത്തയിടെ പൂർത്തിയായത്. മഴ ശക്തമായതോടെ ഒരു റീച്ചിൽ ടാറിങ് പൂർണമായും പൊളിഞ്ഞ് റോഡ് കൂറ്റൻ കുഴികളായി മാറി. നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും പ്രവൃത്തിയുടെ മേൽനോട്ടത്തെക്കുറിച്ചും ഇതോടെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഇതിനിടെ, ഇതുവരെ ഒരു നവീകരണവും ലഭിക്കാത്ത 5.8 കിലോമീറ്റർ റോഡും കൂടുതൽ തകർച്ചയിലായി. മഴവെള്ളം കെട്ടിനിൽക്കുകയും റോഡ് പല ഭാഗങ്ങളിലും സഞ്ചാരയോഗ്യമല്ലാത്ത നിലയിലാകുകയും ചെയ്തതോടെ കുടകിലേക്കും കേരളത്തിലേക്കും ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് വാഹന യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്.
നേരത്തെ ചുരം റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മലയാള മനോരമ കുടകിലേക്കുള്ള പാതാളം എന്ന പേരിൽ അവതരിപ്പിച്ച വാർത്തകളെ തുടർന്ന് ജനപ്രതിനിധികളുടെ ഇടപെടലിലൂടെയാണ് ഘട്ടംഘട്ടമായി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പെരുമ്പാടി മുതൽ ഹനുമാൻ ക്ഷേത്രം വരെയുള്ള 5.9 കിലോമീറ്റർ ദൂരം 11.75 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ഇതിനു പുറമേ കൂട്ടുപുഴ – മാക്കൂട്ടം ഭാഗത്തും മേമനക്കൊല്ലി – മുമ്മടക്ക് വളവ് വരെയും നേരത്തേ നവീകരണം നടത്തിയിരുന്നു. ഇവിടെയും ചിലയിടങ്ങളിൽ റോഡ് പൊളിഞ്ഞിട്ടുണ്ട്. നവീകരണം നടത്തിയിടത്തു റോഡ് അരിക് കോൺക്രീറ്റ് ചെയ്യാത്തതിനാൽ ടാറിങ്ങിൽ പുറത്തിറക്കിയിൽ വാഹനം താഴുന്ന സ്ഥിതിയും ഉണ്ട്.
No comments