സ്കൂള്‍ സുരക്ഷ: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന്; സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി
സ്കൂള്‍ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിർണ്ണായകമായ മാറ്റം വരുത്തി സർക്കാർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.
സ്കൂളുകളില്‍ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് സർക്കുലറില്‍ ഭേദഗതി വരുത്തി.
*ഹൈകോടതി വിധി നടപ്പിലാക്കുന്നു*
വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ അഡ്വ. കുളത്തൂർ ജയ്സിങ് ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹർജിയിലെ വിധിന്യായം പാലിച്ചാണ് പുതിയ നടപടി. കഴിഞ്ഞ വർഷം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കിയിരുന്നുവെങ്കിലും ഇതില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്ന് ഭേദഗതി തീരുമാനിച്ചത്.
*എൻജി. പരിശോധന നിർബന്ധം*
പുതിയ ഉത്തരവ് പ്രകാരം സ്കൂള്‍ കെട്ടിടങ്ങളുടെയും മറ്റ് അനുബന്ധ സംവിധാനങ്ങളുടെയും സുരക്ഷാ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എൻജി. ആണ്. സ്കൂള്‍ പരിസരത്തെ മുഴുവൻ സുരക്ഷാ കാര്യങ്ങളും ഈ സർട്ടിഫിക്കറ്റിൻ്റെ പരിധിയില്‍ വരും. കെട്ടിടങ്ങളുടെ ബലവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയ ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് നിർദ്ദേശമുണ്ട്.
*വാഹനങ്ങള്‍ക്ക് എംവിഡി സർട്ടിഫിക്കറ്റ്*
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. കുട്ടികളുടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തണമെന്നും സർക്കുലറില്‍ നിർദ്ദേശമുണ്ട്. അധ്യയനവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ എല്ലാ സ്കൂളുകളും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നല്‍കി
No comments