കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നു, പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ നിലവില്‍ വരും
പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നല്‍കും.ഏറെ നാളത്തെ ചർച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മില്‍മ പാല്‍ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും തടസ്സപ്പെട്ടു. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ 8 പേർ മാത്രമാണ് സർക്കുലറില്‍ ഒപ്പിട്ടത്.
ഭൂരിപക്ഷം അംഗങ്ങളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങള്‍ ചർച്ച ചെയ്ത് വിലവർധനയ്ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.
പുതുക്കിയ വർധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയില്‍ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികള്‍ക്കും ഡീലർമാർക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.
No comments